ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

വിളപ്പില്‍ശാല ഗവ.ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്. മരണപ്പെട്ട വിളപ്പില്‍ കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയാന്‍ മന്‍സിലില്‍ ബിസ്മീര്‍ (37), ചികിത്സ കിട്ടാതെ ആശുപത്രിക്ക് പുറത്ത് വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിലുള്ളത്.
ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെ 1 മിയോടെയാണ് ബിസ്മീറിന് കടുത്ത ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട് വിളപ്പില്‍ശാല ആശുപത്രിയിലെത്തിക്കുന്നത്. ബിസ്മീര്‍ ഭാര്യ ജാസ്മിനുമായി ആശുപത്രിയിലെത്തുന്നതും,ആശുപത്രി അധികൃതരെ വിളിക്കുന്നതുമാണ് സി.സി ടിവി ദൃശ്യങ്ങളിലുള്ളത്. ബിസ്മീര്‍ നെഞ്ചുതടവി അബോധാവസ്ഥയിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തങ്ങളെത്തുമ്പോള്‍ ആശുപത്രി ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്ന് ജാസ്മിന്‍ പറയുന്നു. പലതവണ ബെല്ല് അടിച്ചശേഷമാണ് സെക്യൂരിറ്റിയും മറ്റ് ജീവനക്കാരുമെത്തി വാതില്‍ തുറന്നത്. തുടര്‍ന്ന് ജാസ്മിന്‍ ബഹളം വച്ചപ്പോഴാണ് ജീവനക്കാര്‍ പുറത്തേയ്ക്ക് വന്നത്. അപ്പോഴേക്കും ബിസ്മീറിന്റെ ആരോഗ്യസ്ഥിതി മോശമായി.
ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടും ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ജാസ്മിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ നിലനിറുത്താനാകുമായിരുന്നുവെന്നും പരാതിയിലുണ്ട്.
എന്നാല്‍ കഴിഞ്ഞയാഴ്ചയും ബിസ്മീര്‍ ഇതേ അസുഖവുമായി ഇവിടെ എത്തിയിരുന്നതായും, അന്ന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു. 19ന് എത്തിയപ്പോള്‍ പഴയ കുറിപ്പടിയുമായി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്താനാണത്രേ ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ആശുപത്രി ആംബുലന്‍സിലാണ് ബിസ്മീറിനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഈ ആംബുലന്‍സില്‍ ഓക്‌സിജന്‍ പോലുമുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബിസ്മീറിന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് നല്‍കാവുന്ന ചികിത്സയെല്ലാം നല്‍കിയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് വിളപ്പില്‍ശാല ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ അറിയിച്ചു.
https://www.facebook.com/Malayalivartha























