ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസ് എന്നിവയില്‍ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങി. പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ശങ്കരദാസ് ജാമ്യത്തിന് അപേക്ഷിച്ചത്.
ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിച്ചത്. കേസിലെ 13 പ്രതികളില്‍ ജയിലില്‍ കഴിയുന്ന അവസാനത്തെ പ്രതിയാണ് ശങ്കരദാസ്. മറ്റ് പ്രതികളായ എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി തുടങ്ങിയവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. 2026 ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























