മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ 'പി എം ശ്രീ' പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നീക്കത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് അതിഭീകരമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്.
മുമ്പ് എൽ ഡി എഫ് സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ തങ്ങളെ 'സംഘി'യെന്നും 'ഒറ്റുകാർ' എന്നും വിളിച്ച് ആക്ഷേപിച്ച വി. ഡി. സതീശനും കെ. സി. വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ. എം. ഷാജിയും ഇന്ന് എവിടെപ്പോയെന്ന് വി. ശിവൻകുട്ടി ചോദിച്ചു. അന്ന് എൽ ഡി എഫിനെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിണിയാളുകളായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ളതും നാമമാത്രമായ തുക മാത്രം നൽകുന്നതുമായ ഈ പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കരുത്.
2022 മുതൽ 2027 വരെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി വഴി കേരളത്തിൽ വെറും 265 സ്കൂളുകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന കേന്ദ്രത്തിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് ധാരണാപത്രം മരവിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha


























