'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്

ലഹരിക്കെതിരായ പോരാട്ടത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകളും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രീഷന്‍ എന്നീ സംഘടനകളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ചനടത്തി.
സംസ്ഥാനത്തെ ഇരുപത് പൊലീസ് ജില്ലകളിലും ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശീലന, ചികിത്സാപരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ഐഎംഎ ഭാരവാഹികള്‍, സൈക്യാട്രിസ്റ്റുകള്‍, പീഡിയാട്രീഷന്മാര്‍ എന്നിവരടങ്ങുന്ന സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായി.
വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും യോഗം രൂപം നല്‍കി. സ്കൂളുകളില്‍ സ്റ്റുഡന്‍സ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തൂഫാന്‍ കെയറിന്‍റെ ഭാഗമാകാന്‍ സംസ്ഥാനത്ത് എഴുപതോളം ആശുപത്രികള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























