മുട്ടയിടാത്ത മുട്ടക്കോഴി വിതരണം പാലക്കാട്ടും; സ്വകാര്യ ഏജന്‍സി തട്ടിയത് അരക്കോടി

മുട്ടയിടാത്ത മുട്ടക്കോഴി വിതരണം പാലക്കാട്ടും. പാലക്കാട്ടെ കരിമ്പ, കുത്തനൂര്‍ പഞ്ചായത്തുകളിലായി തട്ടിപ്പിനിരയായത് 300ലേറെ സ്ത്രീകള്‍. അംഗങ്ങളുടെ പേരില്‍ ബാങ്ക് ലോണ്‍ എടുത്ത് കോഴികളെ വിതരണം ചെയ്തത് വഴി 50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് സ്വകാര്യ ഏജന്‍സി നടത്തിയത്.
ഒരു ഇരുമ്പ്കൂടും 25 മുട്ടക്കോഴികളുമാണ് ഏജന്‍സി നല്‍കിയത്. മാസാമാസം ഇവയ്ക്കുള്ള തീറ്റ നല്‍കും. ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപ വിലയില്‍ ഏജന്‍സി വാങ്ങുമെന്നും കോഴിക്ക് ഇന്‍ഷൂറന്‍സും ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമ്പൂര്‍ണ മുട്ട ഗ്രാമം പദ്ധതിക്ക് കീഴില്‍ പാലക്കാട് കരിമ്പ പഞ്ചായത്തിലെ സ്ത്രീകളെ പത്ത് പേരടങ്ങുന്ന പല ഗ്രൂപ്പുകളായി തിരിച്ച് ഇവരുടെ പേരില്‍ ഭാരത് സേവ സമാജ് എന്ന ഏജന്‍സിയാണ് സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് പദ്ധതി നടപ്പിലാക്കിയത്.
കോഴികള്‍ക്ക് തീറ്റയ്ക്ക് തന്നെ മാസം ആയിരം രൂപ ചിലവ് വരും. ഇറച്ചിക്കോഴി ആയിട്ടുപോലും പക്ഷേ ഇവയെ ആര്‍ക്കും വേണ്ട. പലവീടുകളിലും കോഴികള്‍ ചത്തു പോയി കൂടുമാത്രം ബാക്കിയായി. പക്ഷേ ലോണും പലിശയും ഇപ്പോഴും അടയ്ക്കണം. കരിമ്പ പഞ്ചായത്തിലെ വീട്ടമ്മമാരായ നൂറുകണക്കിന് സ്ത്രീകളാണ് ഇങ്ങനെ മുട്ടയിടാത്ത മുട്ടക്കോഴികള്‍ മൂലം ദുരിതത്തിലായിരിക്കുന്നത്.
സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ഭാരത് സേവാ സമാജിന്റെ ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചപ്പോള്‍ വേണ്ടരീതിയില്‍ പരിപാലിക്കാത്തത് കൊണ്ടാണ് കോഴികള്‍ ചത്തതും മുട്ടയിടാത്തതുമെന്നാണ് ഏജന്‍സി കോഓര്‍ഡിനേറ്ററും പറയുന്നത്. ഭരണംമാറിയെന്ന് പറഞ്ഞ് പഞ്ചായത്തും കൈയ്യൊഴിഞ്ഞതോടെ മുട്ടയിടാത്ത മുട്ടക്കോഴികളെ എന്ത് ചെയ്യണമെന്നറിയാതെ നഷ്ടം സഹിക്കുകയാണ് ഈ വീട്ടമ്മമാര്‍.
https://www.facebook.com/Malayalivartha






















