ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം, പതിനഞ്ചുകാരനായ വിശാലിന്റെ ഹൃദയം ഇരുപത്തിയേഴുകാരിയായ സന്ധ്യയില്‍ മിടിച്ചു തുടങ്ങി

കൊച്ചി: തിരുവനന്തപുരത്തുനിന്ന് ആകാശ മാര്‍ഗം കൊച്ചിയിലെത്തിച്ച് മാറ്റിവച്ച ഹൃദയ ശസ്ത്രക്രിയ വിജയകരം. പതിനഞ്ചുകാരനായ വിശാലിന്റെ ഹൃദയം ഇരുപത്തിയേഴുകാരിയായ സന്ധ്യയില്‍ മിടിച്ചു തുടങ്ങി. തൃശൂര്‍ പട്ടിക്കാട് പുളിയത്തു വീട്ടില്‍ സന്ധ്യ (27)യ്ക്കാണു ഹൃദയം മാറ്റിവച്ചത്. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പതിനഞ്ചുകാരന്റെ ഹൃദയമാണ് സന്ധ്യയില്‍ മാറ്റിവച്ചത്.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നാവികസേനയുടെ ഡോണിയര്‍ വിമാനത്തിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയില്‍ എത്തിച്ചത്.
സ്‌കൂളില്‍നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് അവയവദാനത്തെപ്പറ്റി മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു. ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും, വൃക്കകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് രോഗികള്‍ക്കുമാണ് നല്‍കുന്നത്.
നേരത്തെ തിരുവനന്തപുരത്തു മരിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം ഇതേ രീതിയില്‍ എത്തിച്ച് തൃശൂര്‍ സ്വദേശിക്ക് മാറ്റി വച്ചിരുന്നു.
https://www.facebook.com/Malayalivartha






















