മകന്റെ പഠന മോഹം വളര്‍ത്തിയെടുക്കാന്‍ മകനെയും തോളിലേറ്റി ക്ലാസ് മുറിയിലെത്തുന്ന അമ്മ

മക്കളെ കൊന്നും കാമുകന്മാര്‍ക്കും കാഴ്ചവച്ചും നടക്കുന്ന സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇത്തരം സ്ത്രീകള്‍ അമ്മ എന്ന വാക്ക് കളങ്കപ്പെടുത്തുമ്പോള്‍ തന്റെ പ്രവര്‍ത്തിയിലൂടെ ആ വാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചു തരുന്ന ഈ അമ്മ അവരുടെ പൊന്നോമനക്കായ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ണില്‍ ഈറന്‍ അണിയിക്കുന്നു.
കഴിഞ്ഞ 11 വര്‍ഷമായി ആനിക്കാടി പാലയിലെ ടി.വി.ശാന്ത വിദ്യാലയത്തിലെത്തുന്നു. അധ്യാപകര്‍ പഠിപ്പിക്കാനും മറ്റു കുട്ടികള്‍ പഠിക്കാനുമെത്തുമ്പോള്‍ തന്റെ മകന്‍ നിപിന്‍ കുമാറിനെ ക്ലാസ് മുറിയിലിരുത്താനാണ് ശാന്തയെത്തുന്നത്.
പോളിയോ ബാധിച്ച് തളര്‍ന്ന നിപിന്‍ കുമാറിനെ തോളിലേറ്റിയാണ് ശാന്ത ക്ലാസ് മുറിയിലെത്തുന്നത്. പരസഹായമില്ലാതെ എവിടേക്കും പോകാന്‍ കഴിയാത്ത നിപിന്‍കുമാറിന് ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ നടത്താനും ഒരാളുടെ സഹായം വേണം. രാവിലെ നിപിനിനെ ക്ലാസ് മുറിയിലിരുത്തിയ ശേഷം ഈ അമ്മ പുറത്ത് കാത്തിരിക്കും. വൈകിട്ട് ക്ലാസ് മുറിയില്‍ നിന്ന് മകനെയും തോളത്തേറ്റി വീട്ടിലേക്കും.
പഠിക്കാന്‍ താത്പര്യമുള്ള മകന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കയാണ് ശാന്ത. ഒന്നു മുതല്‍ നാലാം ക്ലാസുവരെ പൊള്ളപ്പൊയില്‍ എല്‍.പി.സ്‌കൂളിലും അഞ്ച് മുതല്‍ ഏഴുവരെ കൊടക്കാട് ഗവ.വെല്‌ഫെയര്‍ യു.പി.സ്‌കൂളിലും എട്ടുമുതല്‍ 10 വരെ കൊടക്കാട് കേളപ്പജിയിലുമായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കോടെ പാസ്സായ നിപിനിന്റെ പഠന മോഹം കരിച്ചുകളയാന്‍ അമ്മയുടെ മനസ്സനുവദിക്കുന്നില്ല. പ്ലസ് വണ്‍ ഹ്യൂമാനിറ്റീസിന് കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവേശനം കിട്ടിയത്.
വീട്ടില്‍ നിന്നു വിദ്യാലയത്തിനടുത്തുവരെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നു. വാടക ഇനത്തില്‍ ദിവസം 150 രൂപ വേണം. കുന്നിന് മുകളിലുള്ള വിദ്യാലയത്തില്‍ ഓട്ടോയിലെത്തിയാലും ക്ലാസ് മുറിയിലേക്ക് നിപിന് കുമാറിനെ ചുമലിലേറ്റണം. അമ്മയുടെയും മകന്റെയും പ്രയാസം കണ്ട് സഹപാഠികള്‍ ചക്രക്കസേര വാങ്ങിക്കാന്‍ ആലോചന നടത്തി. എന്നാല്‍ ചക്രക്കസേര തള്ളിക്കൊണ്ടുപോകാനുള്ള സൗകര്യമില്ലാത്തത് പ്രശ്‌നമായി.
പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ ആനിക്കാടി പാലയിലെ ഒറ്റമുറി വീട്ടിലാണ് കൂലിത്തൊഴിലാളിയായ പി.കരുണാകരനും ശാന്തയും മകനും താമസിക്കുന്നത്. നാലുപാടും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന വീട്ടിലെത്താന് റോഡ് സൗകര്യമില്ല. കുടുംബത്തിന്റെ പ്രയാസം കണ്ടറിഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ റോഡു പണിയാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. അതിനാല്‍ വീട്ടിലേക്കും മകനെ തോളിലേറ്റണം. കരുണാകരന്‍ കൂലിപ്പണിക്ക് പോകുന്നതിനാല്‍ അടുപ്പില്‍ തീ പുകയുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നിപിന്‍കുമാറും കുടുംബവും ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന് തോട്ടത്തിന് സമീപമാണെങ്കിലും പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലായതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലും ഉള്‍പ്പെട്ടില്ല. നിര്‍ധന കുടുംബത്തിന്റെ സഹായത്തിന് സര്‍ക്കാര്‍ സഹായവുമെത്തിയില്ല. ഫോണ്‍: 9447803318.
https://www.facebook.com/Malayalivartha






















