മലയാളി യുവാക്കളെ തിരഞ്ഞ് ഐഎന്‍എ, കേരളത്തില്‍ നിന്ന് നിരവധി യുവാക്കള്‍ ഐഎസില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്ന് സുബാനിയുടെ വെളിപ്പെടുത്തല്‍

ഭീകരസംഘടനയായ ഐഎസുമായി ബന്ധം പുലര്‍ത്തിയതായി സംശയിക്കുന്ന നാലു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തു. 2014-15 കാലത്തു തുര്‍ക്കി, ഇറാഖ്, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങിയവരാണു നാലുപേരും. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എല്‍ ഐ എ വ്യത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞദിവസം തമിഴ്‌നാട് തിരുനല്‍വേലി ജില്ലയിലെ കടയനല്ലൂരില്‍നിന്ന് അറസ്റ്റിലായ സുബാനി ഹാജി മൊയദീന്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ഈ കാലഘട്ടത്തില്‍ മലയാളി യുവാക്കള്‍ കൂട്ടമായി വിദേശത്ത് ആയുധപരിശീലനം നേടിയിട്ടുണ്ട്. നാട്ടില്‍ മടങ്ങിയെത്തിയ ഇവര്‍ രഹസ്യസ്വഭാവമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ പറയുന്നു. ഇവര്‍ ആരൊക്കെയാണെന്നു കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സുബാനിയുടെ മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സിഡാക്കിനു കൈമാറും. ഇതിനായി കോടതി ഇവ എന്‍ഐഎയ്ക്കു കൈമാറി.
അടുത്തകാലത്തു രഹസ്യകേന്ദ്രത്തില്‍നിന്നു സുബാനി 20,000 രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. എന്തിനുവേണ്ടിയാണു തുക കൈപ്പറ്റിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ശിവകാശിയില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചതിനും തെളിവുണ്ട്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. ഇന്നലെ തെങ്കാശി കുറ്റാലം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കടയനല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍ വാടകയ്ക്കു താമസിച്ച വീട്ടിലും ജോലി ചെയ്ത ജ്വല്ലറിയിലും എത്തിച്ചു തെളിവെടുത്തു. നാലുമാസമായി ജ്വല്ലറിയില്‍ 10,000 രൂപ ശമ്പളത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.
അടുത്ത ദിവസം സുബാനിയെ ശിവകാശി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തെളിവെടുപ്പിനു കൊണ്ടുപോകും. കേസില്‍ സുബഹാനി അടക്കം 11 പേരെയാണു പ്രതിചേര്‍ത്തിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.
https://www.facebook.com/Malayalivartha
























