ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം

തലസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. നാലാഞ്ചിറ സ്വദേശി ദസ്തക്കീറിനെയാണ് മണ്ണന്തല പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടിലും പൊലീസ് സ്‌റ്റേഷനിലുമായി ദസ്തക്കീറിനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത പൊലീസ് നിഷേധിക്കുകയായിരുന്നു.
ദസ്തക്കീര്‍ മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതായി ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതന്വേഷിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ ദസ്തക്കീര്‍ ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചെന്നും, പിന്തുടര്‍ന്ന് പിടികൂടുക മാത്രമാണ് ചെയ്തതെന്നുമാണ് മണ്ണന്തല പൊലീസ് പറയുന്നത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയത്.
ഇന്നലെ രാവിലെ സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചപ്പോഴാണ് ശരീരമാസകലം മര്‍ദ്ദനമേറ്റ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. പരിക്കേറ്റ ദസ്തക്കീറിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
https://www.facebook.com/Malayalivartha
























