യുവാവിനെ വെട്ടിക്കൊന്ന സംഭവം: തിരുവനന്തപുരത്ത് കണ്ണംമൂലയില്‍ അടിയന്തര ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുവമോര്‍ച്ച, ജനം നട്ടം തിരിയും

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് തിരുവനന്തപുരത്ത് കണ്ണംമൂലയില്‍ അടിയന്തര ഹര്‍ത്താര്‍ പ്രഖ്യാപിച്ച് യുവമോര്‍ച്ച. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് കൗമരക്കാരനെ മാതവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്. തടയാനെത്തിയ മാതാവിനെയും ബദ്ധുവിനെയും അക്രമികള്‍ മാരകമായി വെട്ടി.ബന്ധുവിന്റെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പുത്തന്‍പാലം കോളനിയില്‍ വിഷ്ണുവിനെയാണ് (19) ആറംഗ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. തലങ്ങും വിലങ്ങും വെട്ടേറ്റ വിഷ്ണുവിന്റെ അമ്മ ബിന്ദു (35), ബന്ധുവായ ലൈല (45) എന്നിവര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണ്. ബിന്ദുവിന്റെ ഏക മകനാണ് വിഷ്ണു.
വാരിയെല്ലിന് അഞ്ച് വെട്ടേറ്റ ലൈലയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ബിന്ദുവിന്റെ തലയിലും കൈകളിലും വെട്ടേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും എട്ടുമണിയോടെ മരിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കണ്ണമ്മൂല പുത്തന്‍പാലം വിദ്യാധിരാജ റോഡിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാആക്രമണം. സംഘത്തിലെ ഒരാള്‍ പേട്ട പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമായിരിക്കയാണ്.
ഗുണ്ടാനേതാക്കളായ പുത്തന്‍പാലം രാജേഷും ഡിനിബാബുവും തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നും പുത്തന്‍പാലം രാജേഷിന്റെ സംഘാംഗമാണ് കൊല്ലപ്പെട്ട വിഷ്ണുവെന്നും പൊലീസ് പറഞ്ഞു. ഡിനിബാബുവിന്റെ അനിയന്‍ സുനില്‍ബാബുവിനെ വെട്ടിക്കൊന്നതിന്റെ പ്രതികാരമായാണ് ആക്രമണം. ഡിനി ബാബുവിന്റെ വീടിനടുത്താണ് വിഷ്ണുവിന്റെയും വീട്. ഡിനിയുടെ വിവരങ്ങള്‍ വിഷ്ണു പുത്തന്‍പാലം രാജേഷിന് ചോര്‍ത്തിക്കൊടുത്തിരുന്നതും ആക്രമണത്തിന് കാരണമായി. കൊപ്രസുരേഷ് എന്ന മറ്റൊരു ഗുണ്ടയെ തേടി എത്തിയ സംഘം വിഷ്ണുവിനെ വകവരുത്തുകയായിരുന്നു.
വിഷ്ണുവിന്റെ പിതൃസഹോദരനായ സുരേഷ് സുനില്‍ കൊലക്കേസില്‍ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ കണ്ണമ്മൂല തോട്ടുവരമ്പില്‍ വീട്ടില്‍ രാജീവിനെയും ഭാര്യ ബീനയെയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഇതേ സംഘമാണെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha
























