പ്ലസ് ടു പാഠപുസ്തകങ്ങള്‍ മലയാളത്തിലും പ്രസിദ്ധപ്പെടുത്താന്‍ എസ്.സി.ഇ.ആര്‍.ടി. ഒരുങ്ങുന്നു

നീറ്റ് പരീക്ഷ മലയാളത്തിലെഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ആലോചന തുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവുമാക്കുന്നതിനൊപ്പം പ്ലസ്ടു പാഠപുസ്തകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനായുള്ള ഒരു നടപടിയും ആരംഭിച്ചില്ല. ആറു പ്രാദേശികഭാഷകളില്‍ക്കൂടി മെഡിക്കല്‍ പ്രവേശനപരീക്ഷ (നീറ്റ്) നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മലയാളം ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഇതേ മാതൃകയില്‍ എന്‍ജിനീയറിങ് പ്രവേശനവും ദേശീയതലത്തില്‍മാത്രം നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ വീണ്ടും മലയാളം തഴയപ്പെടുന്നതിനാണ് സാധ്യത. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പ്ലസ് ടുവിന് പരീക്ഷ മലയാളത്തിലെഴുതാന്‍ അവസരമുണ്ടെങ്കിലും അധ്യയനമാധ്യമം മാതൃഭാഷയല്ല എന്നതാണ് പ്രശ്‌നം. സ്വന്തം ഭാഷയില്‍ പരീക്ഷയെഴുതുന്നവരോട് കേവലം രണ്ടുവര്‍ഷംമാത്രം ഇംഗ്ലീഷ് മാധ്യമമായി പഠിച്ച മലയാളിവിദ്യാര്‍ഥികള്‍ മത്സരിക്കുമ്പോള്‍
പിന്തള്ളപ്പെടാന്‍ സാധ്യത കൂടുതലാണ്.
ഇതിനുപരിഹാരമായി പ്ലസ്ടുവിന് പാഠപുസ്തകങ്ങളും പഠനമാധ്യമവും മലയാളമാക്കണമെന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലും എഴുതാമെന്നിരിക്കെ നീറ്റ് പരീക്ഷയ്ക്ക് അതുപറ്റില്ലെന്നുപറയുന്നത് യുക്തിരഹിതമാണെന്ന വാദവും ശക്തമാണ്. പ്രവേശനപരീക്ഷ ദേശീയതലത്തില്‍മാത്രവും മലയാളം പരീക്ഷാ മാധ്യമമല്ലാത്തതുമായ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങാനുള്ള പ്രവണത വ്യാപകമാവും.
അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പെരുകുന്നതിനുപുറമേ മലയാളം മീഡിയം പൊതുവിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുന്നത് അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. പാഠ പുസ്തകങ്ങള്‍ മലയാളത്തിലില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് നീറ്റ് പരീക്ഷ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താനാവാത്തതെന്ന് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
2018-19 അധ്യയനവര്‍ഷത്തേക്ക് ഒമ്പതു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാറ്റവും കൂട്ടിച്ചേര്‍ക്കലും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്തുതന്നെ തുടങ്ങുന്ന പരിശീലനത്തോടൊപ്പം പ്ലസ് ടു പുസ്തകങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള പ്രാരംഭനടപടികളുമുണ്ടാവും.
https://www.facebook.com/Malayalivartha