കെഎസ്ആര്‍ടിസി ബസ് ഡ്രൈവിംഗ് സീറ്റിനടിയില്‍ വാറ്റു ചാരായവും മോരും; മദ്യപിച്ച് ടെംപോ വാനിലിടിച്ച് അപകടം

വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്നും വാറ്റു ചാരായവും മോരും കണ്ടെടുത്തതോടെ ഡ്രൈവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചു, ചാരായം കൈവശം വെച്ചു, അശ്രദ്ധമായി വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കുളനട ഉള്ളന്നൂര്‍ മണ്ണടിയില്‍ ഗോപാലകൃഷ്ണപിള്ള(53)യ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഗോപാലകൃഷ്ണപിള്ളയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
ജൂണ്‍ 2 വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ടികെ റോഡിലാണ് വഴിക്കടവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ടെംപോ വാനിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ടെംപോ വാന്‍ രണ്ട് വൈദ്യുതി തൂണുകളും തകര്‍ത്താണ് നിന്നത്.
അപകടമുണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിനിടെ ബസില്‍ സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് മാറ്റാന്‍ ഗോപാലകൃഷ്ണപിള്ള ശ്രമിച്ചെങ്കിലും നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഡ്രൈവിംഗ് സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ഈ ബാഗില്‍ നിന്നാണ് വാറ്റു ചാരായവും മോരും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























