ബിജെപിക്കെതിരെ ദേശീയതലത്തില്‍ മുസ്ലീംലീഗുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി

ബിജെപിക്കെതിരെ ദേശീയതലത്തില്‍ മുസ്‌ളിംലീഗുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ബിജെപിയെ എതിര്‍ക്കാന്‍ എല്ലാവരും തങ്ങളുടെ കൂടെച്ചേരണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, കേരളത്തിന് പുറത്ത് ലീഗുമായി കോണ്‍ഗ്രസ് ബന്ധമില്ല. ലീഗുമായി ദേശീയതലത്തില്‍ മുന്നണിയെന്ന് ഡല്‍ഹിയില്‍വച്ച് പ്രഖ്യാപിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറുണ്ടോ.
ലീഗിനെ ദേശീയതലത്തില്‍ സഖ്യകക്ഷിയാക്കാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല. ലീഗ്ബന്ധം മറ്റ് സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്നതിനാലാണിത്. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
സഖ്യത്തിന് തയ്യാറാകാത്ത കോണ്‍ഗ്രസിനുവേണ്ടി ലീഗിപ്പോള്‍ സിപിഐ എമ്മിനെ ഉപദേശിക്കുകയാണ്. മതനിരപേക്ഷതയില്‍ ശക്തമായ സമീപനമില്ലാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനാവില്ല.
അധികാരമുള്ളപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒന്നുംചെയ്തില്ല. മുസ്‌ളിങ്ങളെ വംശഹത്യക്കിരയാക്കിയ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിക്കെതിരെ കേസ് എടുക്കാന്‍ യുപിഎ ഭരണം തയ്യാറായില്ല. മുംബൈ കലാപത്തിന്റെ പേരിലും ഒരാളെയും വിചാരണചെയ്തില്ല. കലാപത്തില്‍ പങ്കാളിയായ ശങ്കര്‍ സിങ് വഗേലയെ പിന്നീട് നേതാവാക്കിയതാണ് കോണ്‍ഗ്രസിന്റെ ചരിത്രം.
കോണ്‍ഗ്രസ് ഭരണത്തിലാണ് ആര്‍എസ്എസ് ബാബ്‌റി മസ്ജിദ് തകര്‍ത്തത്. അധികാരത്തിലുള്ളപ്പോള്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കാത്ത കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ന് മതനിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























