നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍

കസബ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കാതെ തുടരുമ്പോൾ നടി പാർവതിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. മമ്മൂട്ടി ചിത്രമായ കസബയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നാണ് അദ്ദേഹം പറയുന്നത്. കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കവെയായിരുന്നു വൈശാഖൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'കസബ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. കസബയുടെ സംവിധായകനെയും സംഭാഷണം പറഞ്ഞ നടനെയും ചോദ്യംചെയ്യാതെ, ഇതിനെ വിമര്‍ശിച്ച നടി പാര്‍വതിയെ സമൂഹം ചോദ്യംചെയ്യുന്നത് ശരിയല്ല. ധൈര്യപൂര്‍വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണ്. സാഹിത്യം ചെയ്യേണ്ട ധര്‍മമാണ് പാര്‍വതി ചെയ്തത്. പുതിയ കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്ക്കെതിരേ സാഹിത്യം പ്രതിരോധമാക്കണം. മലയാളിയുടെ സംസ്കാരത്തെ രൂപവത്കരിക്കുന്നത് സാഹിത്യമാണ്. സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം ആവശ്യമാണ്. താരാരാധന മാനസികരോഗമാണ്. അവര്‍ ചിന്തയെ പണയംവെക്കുകയാണ്'- വൈശാഖൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























