ആകാശ യാത്രയുടെ ഫയൽ മുഖ്യൻ കണ്ടില്ല; സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലെ പിഴവ്

ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും ആകാശയാത്രക്ക് പണമെടുത്ത ഫയൽ മുഖ്യമന്ത്രി കണ്ടിട്ടില്ല. മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമും റവന്യം സെക്രട്ടറി പി എച്ച് കുര്യനും മാത്രമാണ് ഫയൽ കണ്ടത്. ഫയലിൽ മുഖ്യമന്ത്രിയോ റവന്യുമന്ത്രിയോ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
ഓഖി സംഘത്തെ റവന്യം മന്ത്രി കാണട്ടെ എന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട് മുഖ്യമന്ത്രി ഉണ്ടായാൽ നന്നായിരിക്കുമെന്ന് റവന്യം സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചു. പാർട്ടി സമ്മേളനത്തിൽ നിന്നും തനിക്ക് വരാനാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായി ചീഫ് സെക്രട്ടറി സംസാരിച്ചു. യാത്രക്ക് ഹെലികോപ്റ്റർ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞത് ചീഫ് സെക്രട്ടറിയാണ്. അപ്പോഴും അതിനാവശ്യമായ പണം എങ്ങനെ നൽകുമെന്ന് മുഖ്യമന്ത്രി ചോദിച്ചില്ല. മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ അത് ചോദിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. സർക്കാർ നൽകുമെന്ന ഉറപ്പിലാണ് ചീഫ് സെക്രട്ടറി സംസാരിച്ചത്.
എന്നാൽ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ഇതിനാവശ്യമായ പണം സർക്കാർ കണ്ടെത്തിയത്. ഇതും ഒരു സാധാരണ നടപടിക്രമം മാത്രമാണ്. എന്ത് ആവശ്യത്തിനാണോ മുഖ്യമന്ത്രിയും മന്ത്രിയും യാത്ര ചെയ്യുന്നത്, അതേ ആവശ്യത്തിൽ നിന്നാണ് സാധാരണ ഗതിയിൽ പണം കണ്ടെത്താറുള്ളത്. ഇത് സർക്കാർ നടപടി ക്രമം മാത്രമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് കോമൺസെൻസ് കുറവാണ്. അവർ നിയമത്തിൽ പറയുന്നതുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ അവരെ കുറ്റം പറയാനാകില്ല. ഇത്തരം വിവാദങ്ങൾ വാർത്തയാകുമെന്നും അവർ കരുതുന്നില്ല.
മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്ര സഹായം ലഭിച്ചതെന്ന് പറഞ്ഞ് കെ.എം.എബ്രഹാം രംഗത്തെത്തി. താൻ പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുൻ ചീഫ് സെക്രട്ടറി പറഞ്ഞതു കൊണ്ടാണ് തുക അനുവദിച്ചതെന്ന് റവന്യം സെക്രട്ടറിയും പറഞ്ഞു. മുമ്പ് ഉമ്മൻ ചാണ്ടിയും ദുരന്തനിവാരണ ഫണ്ട് എടുത്ത് ഇടുക്കിയിലേക്ക് പറന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. അവർ ഇതൊന്നും അറിയാറില്ല. പിണറായി വിജയന്റെ ഭാഷയാണ് യഥാർത്ഥത്തിൽ വിവാദത്തിന് കാരണമായത്. എട്ടു ലക്ഷം രൂപ ബിൽ നൽകാൻ ബന്ധപ്പെട്ട മന്ത്രി കണ്ടിരിക്കണം. എന്നാൽ റവന്യുമന്ത്രി ഫയൽ കണ്ടില്ല. അതൊരു പക്ഷേ കാണിക്കാത്തതാകാം.
സർക്കാർ ഉദ്യോഗസ്ഥർക്ക് ചില കാര്യങ്ങളിലെങ്കിലും കോമൺസെൻസ് വേണ്ടിയിരിക്കുന്നു. വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ പ്രത്യേകിച്ചും. ഓഖി ഫണ്ട് എടുക്കുന്നതിന് പകരം സർക്കാർ പണം നൽകിയിരുന്നെങ്കിൽ ഇതിൽ ഒരു വിവാദവും ഉണ്ടാകുമായിരുന്നില്ല.
https://www.facebook.com/Malayalivartha



























