മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചിലവ് പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ;നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെ ;പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചിലവ് പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്, അതിനാല്‍ ചിലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അതിനാലാണ് തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിഎംഡിആര്‍എഫ് ഫണ്ടിലാണ് ഓഖി ഫണ്ട് ഉള്‍പ്പെടുന്നത്. ഹെലികോപ്റ്ററിന്റെ വാടക കൊടുക്കുന്നതിന് ഫണ്ടില്‍ നിന്ന് പണം എടുത്തിട്ടില്ല. പാര്‍ട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നും അദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു.
ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ തുക പാര്‍ട്ടി ഫണ്ടില്‍നിന്നു നല്‍കാനായിരുന്നു സിപിഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ സിപിഎം മലക്കം മറിയുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍നിന്നു മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്കും തിരിച്ചു തൃശൂര്‍ക്കും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള തുകയായ എട്ടുലക്ഷം രൂപ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ഫണ്ടില്‍നിന്ന് അനുവദിച്ചതാണു വിവാദമായത്.
https://www.facebook.com/Malayalivartha



























