മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്ര മനുഷ്യൻ ; ഒരു മാസത്തിനകം റോബോട്ട് പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

വളരെ അപകടം പിടിച്ച ജോലിയാണ് മാന്‍ഹോൾ വൃത്തിയാക്കുക എന്നത്. മാൻഹോളിൽ പണിയെടുക്കുന്നവരുടെ ജീവന് വളരെയധികം ഭീക്ഷണി നേരിടേണ്ടി വരുന്നു. മാൻഹോളിൽ കുടുങ്ങിയ അന്യ സംസ്ഥാനക്കാരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായതിലൂടെ സ്വന്തം ജീവൻ നഷ്ടപെടുത്തേണ്ടി വന്ന നൗഷാദ് നമ്മുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ്.
ഈ സാഹചര്യങ്ങളൊക്കെ മുന്നിൽ കണ്ടുകൊണ്ട് മനുഷ്യര്‍ക്ക് പകരം മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തൊഴിലാളികള്‍ മാന്‍ഹോളിലിറങ്ങി ജോലി ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് മുഖ്യമന്ത്രി ജലവിഭവവകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്ന് സ്റ്റാര്‍ട്‌അപ് മിഷനുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഒരു പദ്ധതിക്ക് രൂപം നല്‍കി. ആദ്യം യുവസംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച് മികച്ചത് തെരഞ്ഞെടുത്തു. ഈ ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്‌അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിച്ചു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്‌അപ് മിഷനും പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് യുവതലമുറ പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























