അഭിമാനകുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ, 31 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29ന് പി.എസ്.എല്‍വി കുതിച്ചുയര്‍ന്നു

കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പി.എസ്.എല്‍.വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്.
ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം ചേര്‍ന്നാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
ഇന്ന് രാവിലെ 9.28 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ബഹിരാകാശമാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഒരു മിനിട്ട് നീട്ടി 9.29 ആക്കിയത്. റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലമാണ് കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 എ, 2 ബി ഉപഗ്രഹങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ കാര്‍ട്ടോസാറ്റ് 2 വിക്ഷേപണം . വിദൂര നിയന്ത്രണ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹമാണിത്.
തീരദേശം, ജലശേഖരം തുടങ്ങി നഗര, ഗ്രാമവികസനം വരെയുള്ള കാര്യങ്ങളുടെ ചാര്‍ട്ടുകളും ഭൂരേഖകളും തയ്യാറാക്കാനുള്ള വിവരങ്ങള്‍ ഉപഗ്രഹം ലഭ്യമാക്കും. 710 കിലോഗ്രാം ഭാരമുണ്ട്.
ഇന്ത്യയുടെ തന്നെ ഒരു മൈക്രോ ഉപഗ്രഹവും ഒരു നാനോ ഉപഗ്രഹവും
ഫിന്‍ലാന്‍ഡ്, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങളിലെ 28 നാനോ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണങ്ങളും നടത്തും. എല്ലാത്തിനും കൂടി 1,323 കിലോഗ്രാമാണ് ഭാരം
ആദ്യം കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 30 ഉപഗ്രഹങ്ങള്‍ 505 കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തില്‍ വിടും
പിന്നീട് 359 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഇറങ്ങി ഒരു മൈക്രോ ഉപഗ്രഹത്തെ സ്വതന്ത്രമാക്കും. രണ്ട് ഭ്രമണ പഥങ്ങളില്‍ എത്താനായി റോക്കറ്റിലെ നാലാം ഘട്ടം രണ്ടു തവണ നിറുത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്ന സങ്കീര്‍ണമായ പ്രക്രിയ. 2 മണിക്കൂര്‍ 22 സെക്കന്‍ഡാണ് മൊത്തം വിക്ഷേപണ സമയം.
https://www.facebook.com/Malayalivartha



























