കുളിക്കാനായി പോയ യുവാവിനെ പിന്നെ കാണുന്നത് മരിച്ച നിലയിൽ , മരണത്തിൽ ദുരൂഹത ; ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു

ജോലികഴിഞ്ഞ് വീട്ടിലേക്ക് വന്നതിനുശേഷം കുളിക്കാനായി പോയ ശ്രീനേഷിനെ സ്വന്തക്കാർ പിന്നെ കാണുന്നത് ഷോക്കേറ്റ് മരിച്ച നിലയിൽ. കട്ടിപ്പാറ ചമല്‍ സ്വദേശി ശ്രീനേഷ് എന്ന 22 കാരനെയാണ് 2017 ഒക്ടോബര്‍ രണ്ടിന് രാവിലെ വീടിനടുത്തുള്ള കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശേരിയിലെ സൗകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവാവ് ഒക്ടോബര്‍ ഒന്നിന് രാത്രി 12 മണിയോടെ ജോലി കഴിഞ്ഞതിന് ശേഷം വീട്ടില്‍ വന്ന് കുളിക്കാന്‍ പോയതായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൃഷിയിടത്തില്‍ കാട്ടുപന്നിയെ ഓടിക്കാനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് കേസ് ആദ്യം അന്വേഷിച്ച താമരശ്ശേരി പൊലിസ് കണ്ടെത്തിയത്. തുടര്‍ന്ന് കൃഷിയിടത്തിന്റെ ഉടമകളായ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ശ്രീനേഷിന്റെ പിതാവ് പി കെ ദിനേശന്‍ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് സ്പെഷല്‍സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സ്പെഷല്‍ സ്ക്വാഡ് ഡിവൈഎസ്പി കെ കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ശ്രീനേഷിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു. തുടര്‍ന്ന് ശ്രീനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷിയിടത്തിലെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha



























