ജനതാദൾ-യു യുഡിഎഫ് വിട്ടു;യൂഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല ;ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നു പോകുന്നതാണെന്ന് എം.പി. വീരേന്ദ്രകുമാർ

ജനതാദൾ-യു യുഡിഎഫ് വിട്ടതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ. പാർട്ടി എൽഡിഎഫുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. യുഡിഎഫിന് ജെഡിയുവിനെ ഒപ്പം ചേർത്തതിൽ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജെഡിയുവിനാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നു പോകുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജെഡിയുവിനെ സ്വാഗതം ചെയ്തിരുന്നു. ഇരുനേതാക്കളോടും പാർട്ടിക്ക് നന്ദിയുണ്ടെന്നും വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തു ചേർന്ന പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെയും മറ്റു ഭാരവാഹികളുടെയും യോഗമാണു യുഡിഎഫ് വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി തീരുമാനം എം.വി. ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്വീനർ വൈക്കം വിശ്വനെയും നേരിട്ടു കണ്ട് അറിയിച്ചിരുന്നു.
വ്യാഴാഴ്ച ചേർന്ന ജനതാദൾ-യു നേതൃയോഗം യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. യുഡിഎഫിൽ പാർട്ടിയുടെ നിലനിൽപ്പു പ്രയാസത്തിലാണെന്നു യോഗത്തിൽ സംസാരിച്ച എം.പി. വീരേന്ദ്രകുമാർ പറഞ്ഞിരുന്നു. മുന്നണിമാറ്റം അനിവാര്യമാണ്. ഇതാണു തീരുമാനം എടുക്കാൻ പറ്റിയ സമയമെന്നും വീരേന്ദ്രകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു പതിനാലു ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
ഏതാണ്ട് ഒരു ദശകത്തെ ഇടവേളയ്ക്കു ശേഷമാണു വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് വീരേന്ദ്രകുമാറും ഇടതുമുന്നണിയും തമ്മിൽ വഴിപിരിയലിനു കാരണമായത്.
https://www.facebook.com/Malayalivartha



























