എം പി സ്ഥാനം രാജിവച്ച് എം.പി.വീരേന്ദ്രകുമാർ ഇടതു മുന്നണിയിൽ ചേക്കേറിയതിന്റെ പ്രധാന അജണ്ട മകനെ രാജ്യസഭയിലേക്ക് അയക്കാൻ

എം.പി.വീരേന്ദ്രകുമാർ എം പി സ്ഥാനം രാജിവച്ച് ഇടതു മുന്നണിയിൽ ചേക്കേറിയതിന്റെ പ്രധാന അജണ്ട മകൻ എം.വി.ശ്രേയാംസ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാൻ വേണ്ടിയാണെന്ന് സൂചന.
ഇക്കാര്യത്തിൽ ഏതാണ്ട് തീരുമാനമായി കഴിഞ്ഞതായാണ് ഇടതു മുന്നണിയിലെ ഉന്നതങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കോടിയേരിയെയും പിണറായിയെയും കൊണ്ട് വീരൻ ഇക്കാര്യം സമ്മതിപ്പിച്ചതായാണ് വിവരം.
സീതാറാം യച്ചൂരി വീരന്റെ രാജ്യസഭാ സീറ്റ് നോട്ടമിട്ട പശ്ചാത്തലത്തിൽ എത്രയും വേഗം ശ്രേയാംസിനെ എം.പിയാക്കാനാണ് കേരള നേതാക്കൾ ശ്രമിക്കുന്നത്. ശ്രമങ്ങൾ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. വീരന്റെ സീറ്റ് പിടിച്ചെടുക്കാൻ യച്ചൂരി ചില കളികൾ കളിച്ചെങ്കിലും നടന്നില്ല.
ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് തങ്ങളെന്നാണ് വീരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അതൊന്നുമല്ല സത്യമെന്ന് വീരനെ അറിയുന്നവർക്കറിയാം. തങ്ങളുടെ രാഷ്ട്രീയം ഇടതുപക്ഷവുമായി ചേർന്ന് പോകുന്നതെന്നാണ് വീരൻ പറഞ്ഞത്. സ്വന്തം പുത്രനെ രക്ഷിക്കാൻ ഒരു സേഫ് സോൺ ഒരുക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യമെന്ന് വീരന്റെ വിമതപക്ഷത്തുള്ളവർ കുറ്റപ്പെടുത്തുന്നു.
പിണറായിയാണ് വീരനെ ഇടത്തേക്ക് ചരിച്ചത്. നേരത്തെ പിണറായിയുമായി ഉടക്കിയാണ് വീരൻ ഇടത് പാളയം വിട്ടത്. അന്നത്തെ വിവാദങ്ങൾ ഇന്നും മറക്കാറായിട്ടില്ല. എടോ ഗോപാല കൃഷ്ണാ എന്ന് അന്നത്തെ മാതൃഭൂമി പത്രാധിപർ ഗോപാലകൃഷ്ണനെ പിണറായി വിളിച്ചത് വീരനോടുള്ള ദേഷ്യം തീർക്കാനാണ്. എടോ ഗോപാലകൃഷ്ണൻ എന്നത് മലയാളത്തിൽ ഒരു തലവാചകമായി മാറി. അന്ന് വി എസ് ഗ്രൂപ്പുകാരനായിരുന്നു വീരൻ. പിണറായിയെ തകർക്കാൻ വി എസുമായി ചേർന്ന് വീരൻ കരുക്കൾ മെനഞ്ഞു എന്നതായിരുന്നു പിണറായിയുടെ പരാതി.
ഇപ്പോൾ പിണറായിയും വീരനും ഒരു മനസും രണ്ട് ശരീരവും സൂക്ഷിക്കുന്നവരാണ്. ഇവർക്ക് തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. കാരണം വീരനെ കൊണ്ട് ചില കാര്യങ്ങൾ പിണറായിക്ക് നടത്തേണ്ടതുണ്ട്. അത് മാതൃഭൂമിയെ സ്വന്തം പാളയത്തിലെത്തിക്കുക എന്നതാണ്. അതേതായാലും സാധ്യമാവും. പിണറായി മോശമാണെന്ന് പറഞ്ഞ പത്രമാണ് മാത്യ ഭൂമി. അതേ പത്രത്തെ കൊണ്ട് താൻ മഹാനാണെന്ന് പറയിക്കണമെന്ന് പിണറായിക്ക് തോന്നിയാൽ അതിൽ കുറ്റം കാണേണ്ട. ഏതൊരു രാഷ്ട്രീയ നേതാവിനും അത്തരമൊരു ആഗ്രഹം തോന്നുക സ്വാഭാവികം.
ശ്രേയാംസ് എം പിയാകാൻ ഇനി മണിക്കൂറുകൾ മാത്രം. വീരനു വേണ്ടി വെള്ളം കോരിയവരും വിറക് കീറിയവരും വെള്ളത്തിലായി.
https://www.facebook.com/Malayalivartha



























