ക്രമക്കേടുകൾ നടക്കുന്നത് അധികാരികളുടെ മൂക്കിന് താഴെ ; ആവർത്തനവും തെറ്റുകളുമായി പി എസ് സിയുടെ ഹയർസെക്കണ്ടറി അധ്യാപക പരീക്ഷകൾ ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നു; പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം. ആറ് ഏഴു വർഷത്തിന് ശേഷം കേരള പി എസ് സി നടത്തിയ ഹയർ സെക്കണ്ടറി ജൂനിയർ സ്‌കൂൾ ടീച്ചർ പരീക്ഷയുടെ ഭാഗമായി ജനുവരി 22, 27, 29 നു പി എസ് സി നടത്തിയ പരീക്ഷകളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ആവർത്തനങ്ങളുടെയും തെറ്റുകളുടെയും ഒരു കൂമ്പാരം തന്നെയാണ് ചോദ്യപേപ്പർ. ഗണിത പരീക്ഷയിൽ കോളേജ് അധ്യാപക പരീക്ഷയിലെ അതെ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ മലയാളം പരീക്ഷയിൽ തെറ്റുകളുടെയും അവ്യക്തതയുടെയും കൂമ്പാരമായിരുന്നു. എക്കണോമിക്സ് പരീക്ഷയാകട്ടെ എം ജി സർവകലാശാലയുടെ സിലബസിനെ ആധാരമാക്കിയും. ഇങ്ങനെ ഒരു വിഭാഗം വിദ്യാർത്ഥികളെയും സ്വകാര്യ ഗൈഡ് ലോബികളെയും സഹായിക്കുന്ന രീതിയിലായിരുന്നു പി എസ് സി ഹയർ സെക്കണ്ടറി ജൂനിയർ സ്‌കൂൾ ടീച്ചർ പരീക്ഷ നടന്നത്.
ഗണിതം പരീക്ഷയിൽ ജി കെ പബ്ലികേഷൻന്റെ ഗേറ്റ് പേപ്പർ എന്ന സ്വകാര്യ ഗൈഡിൽ നിന്നും 2014 ആഗസ്റ്റിൽ പി എസ് സി നടത്തിയ കോളേജ് അധ്യാപകർക്കുള്ള ചോദ്യപേപ്പറിൽ നിന്നുള്ള ചോദ്യങ്ങൾ ഓപ്‌ഷൻ പോലും മാറ്റാതെ അതേ പടി ചോദിച്ചു. ഗൈഡിൽ നിന്നുള്ള15 ചോദ്യങ്ങളും പഴയ ചോദ്യപേപ്പറിൽ നിന്നുള്ള 10 ചോദ്യങ്ങളുമാണ് വന്നത്.

പതിനഞ്ചോളം തെറ്റുകളാണ് മലയാളം ചോദ്യപേപ്പറിൽ ഉള്ളത്. ആദ്യത്തെ സംസ്‌കൃത സന്ദേശ കാവ്യം കേരളത്തിലേതാണോ അതോ ഭാരതത്തിലേതാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 'ഈ വക പെണ്ണുങ്ങൾ പൂമീലുണ്ടോ' ഈ വരികൾ ഏതുതരം പാട്ടിൽ പെടുന്നു എന്ന ചോദ്യത്തിന് സാഹിത്യ ചരിത്രത്തിൽ തച്ചോളി പാട്ടെന്നു പറയുമ്പോൾ പി എസ് സി ഉത്തര സൂചികയിൽ തെറ്റായ ഉത്തരമാണ് നൽകിയിരിക്കുന്നത്.
'കവിത ബീജം പ്രതിഭാനം ' എന്ന ചോദ്യത്തിന് ശരിയുത്തരം ചോദ്യ പേപ്പറിൽ നൽകിയിട്ടില്ല . എം ഡി ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം 1995 ആണ് എന്നാൽ ഉത്തര സൂചികയിൽ നൽകിയിരിക്കുന്നത് 1996 എന്നാണ് . ' മാനസികാനുഭവങ്ങളുടെ പ്രതിനിധീകരണമാണ് ഭാഷണം ' എന്ന ചോദ്യത്തിനും ' എന്റെ വൃത്തം ഓടയിൽ പെറ്റുവീണ' ചോദ്യത്തിനും സൂചികയിൽ നൽകിയ ഉത്തരം തെറ്റാണ്. അങ്ങനെ തുടങ്ങി നിരവധി തെറ്റുകൾ മലയാളം ചോദ്യ പേപ്പറിൽ ഉണ്ട്.

ഹയർസെക്കണ്ടറി സാമ്പത്തിക ശാസ്ത്രം പരീക്ഷയിൽ 60 ശതമാനത്തിലധികം ചോദ്യങ്ങളും പാഠ്യപദ്ധതിക്ക് പുറത്തുനിന്നാണ് ചോദിച്ചത്. പരീക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഉദ്യോഗാർത്ഥികൾ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ വീണ്ടും പരീക്ഷ നടത്തുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പ്രായോഗികമല്ലെന്നാണ് അധികൃതർ നൽകിയ വിശദീകരണം.

കൂടാതെ പരീക്ഷ നടന്ന ചില കേന്ദ്രങ്ങളിൽ സീൽ പൊട്ടിച്ച ചോദ്യ പേപ്പറുകളാണ് ലഭിച്ചതെന്ന് വ്യാപകമായ പരാതിയും പി എസ് സി ക്കു കേൾക്കേണ്ടി വന്നു. പാലക്കാട് ജില്ലയിലെ പണ്ഡിറ്റ് മോത്തിലാൽ ഗവണ്മെന്റ് മോഡൽ സ്‌കൂളിലെ രണ്ടു പരീക്ഷാ ഹാളുകളിലാണ് സീൽ പൊട്ടിച്ച ചോദ്യപേപ്പറുകൾ വിതരണം ചെയ്തത്. ഇത്തരം കാര്യങ്ങൾ പരീക്ഷയുടെ വിശ്വാസ്യതയ്ക്ക് ഏൽക്കുന്ന കളങ്കമാണ്. പി എസ് സി ചരിത്രത്തിൽ ഇല്ലാതിരുന്ന ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കി ഈ പരീക്ഷകൾ റദ്ദാക്കി മാതൃകാ പരമായ ഒരു പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം .
ഹയർ സെകണ്ടറിയുടെ അധ്യാപക നിയമനത്തിനുള്ള പരീക്ഷകൾ 2018 ജനുവരി നാലിനാണ് ആരംഭിച്ചത് . എക്കണോമിക്സ് ജനുവരി 22 നും ഗണിതം ജനുവരി 27 നും മലയാളം ജനവരി 29നുമാണ് നടന്നത്.
കേരളത്തിൽ തൊഴിലുറപ്പിനായി സംസ്ഥാനസർക്കാർ രൂപീകരിച്ചിരിക്കുന്ന ഒരു വിഭാഗമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ അഥവാ കേരള പി.എസ്.സി. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി. വഴിയാണ് പ്രവേശനം നടപ്പിലാക്കുന്നത്. വൻ തുക ഡൊണേഷനായി കൊടുക്കാൻ കഴിയാത്ത സാധാരണക്കാരായ ഉദ്യോഗാർഥികളുടെ ഏക ആശ്രയമായ പി എസ് സി . എന്നാൽ ഇന്ന് പാർശ്വ വൽക്കരിക്കപെടുന്നു. സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ ഏറെ ഉറക്കമൊഴിഞ്ഞ് കഷ്ടപ്പെട്ട് നേടിയെടുക്കുന്ന ഗവണ്മെന്റ് ജോലിക്ക് ഇന്ന് യാധൊരു വിധ മൂല്യവും ഇല്ലാതായി പോകുകയാണ്. പി എസ് സിയുടെ മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായി പോകുന്നു. കാരണം മറ്റൊന്നുമല്ല ഉദ്യോഗാർഥികളുടെ മനോവീര്യം കെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ഈ ഗവൺമെന്റ് സ്ഥാപനത്തിന്റെ പോക്ക് .

പി എസ് സി കോച്ചിങ് സെന്ററുകളിൽ പോയി പഠിക്കുന്നവർക്ക് കോച്ചിങ് സെന്ററുകൾ നൂറു ശതമാനം വിജയം വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ തന്നെ ചിലപ്പോളൊക്കെ സംഭവിക്കുന്നുണ്ട് താനും. വർഷങ്ങളോളം കഷ്ടപ്പെട്ട് ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നവർ ഇന്നും അതെ പാത പിന്തുടരുന്നു. ഒരു മോചനവും ഇല്ലാതെ. കഴിഞ്ഞ വർഷത്തെ പി എസ് സി ചോദ്യങ്ങൾ ഒരു മാറ്റവുമില്ലാതെ ആവർത്തനത്തോടെ ഈ വർഷവും വരുന്നു. അതുപോലെ തന്നെ സ്വകാര്യ ഗൈഡ് കമ്പനികളുടെ ചോദ്യങ്ങൾ ക്രമനമ്പറുകൾ പോലും മാറ്റമില്ലാതെ അതുപോലെ പരീക്ഷയ്ക്ക് ചോദിക്കുന്നു . ഇതിൽ നിന്നെല്ലാം സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ എന്താണ് മനസിലാക്കേണ്ടത്. പി എസ് സി മൗനമായി ആരെയൊക്കെയോ സഹായിക്കുന്നുണ്ട് എന്നല്ലേ. വിദ്യാഭ്യാസ വകുപ്പിനോട് ഇതിനെ പറ്റി ചോദിച്ചാൽ തരാൻ കഴിയുന്ന മറുപടി അത് തങ്ങളുടെ പരുതിയിൽ വരുന്ന കാര്യമല്ല മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നകാര്യമാണെന്നാണ്. എന്നാൽ മുഖ്യമന്ത്രിയുണ്ടോ ഇതിനെ പറ്റി ശ്രദ്ധിക്കുന്നു അതും ഇല്ല. മൊത്തത്തിൽ ഉദ്യോഗാർഥികളുടെ കഴുത്തിന് പിടിക്കുന്ന അവസ്ഥ. പല പരീക്ഷകളിലെയും ചോദ്യങ്ങൾ പരീക്ഷയ്ക്ക് ശേഷം റദ്ദാക്കപ്പെടുന്നു. കേരളം ഒന്നടങ്കം നടക്കുന്ന പരീക്ഷയിൽ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം നല്ലരീതിയിലുള്ള മോണിറ്ററിങ് അവിടെ നടക്കുന്നില്ല എന്നത് തന്നെ. മൊത്തത്തിൽ പി എസ് സി യുടെ കീഴിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുകയാണ് അതും വേണ്ടപ്പെട്ട അധികാരികളുടെ മൂക്കിന് താഴെ.
മലബാറിലെ ഒരു സ്വകാര്യ പി എസ് സി കോച്ചിങ് സെന്റർ ഹയർസെക്കണ്ടറി അധ്യാപക പരീക്ഷയുടെ തലേ ദിവസം കുറച്ച് ചോദ്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു അടുത്ത ദിവസത്തെ പരീക്ഷയിൽ ആ ചോദ്യങ്ങളെല്ലാം അതെ പടി തന്നെ ചോദിക്കുകയും ചെയ്തു. ഇതിന്റെ അർത്ഥം കോച്ചിങ് സെന്ററുകാർ ചോദ്യങ്ങൾ സ്വപ്നം കണ്ടുകൊണ്ട് തങ്ങളുടെ കുട്ടികളെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയതാണെന്നാണോ. തികച്ചും വ്യക്തമായി പറയാൻ സാധിക്കില്ലേ കോച്ചിങ് സെന്ററുകാർക്കും ഇതിന്റെ പുറകെ എന്തോ കളിയുണ്ടെന്ന്. നമ്മൾ അറിഞ്ഞും അറിയാതെയും ഇതുപോലെ എത്രയോ പി എസ് സി മാഫിയകൾ നമുക്ക് ചുറ്റുമുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ അവിടെയൊന്നും വേണ്ടപ്പെട്ട അധികാരികളുടെ കണ്ണെത്തുന്നില്ലന്നു മാത്രം.
https://www.facebook.com/Malayalivartha






















