സർക്കാർ ആനുകൂല്യങ്ങൾ കൈപറ്റുന്നതിൽ പ്രതിപക്ഷ നേതാവും ഒട്ടും മോശമല്ല; ചെന്നിത്തല ഇതുവരെ ചെലവാക്കിയത്‍ 14.5 ലക്ഷം രൂപ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയ ധനകാര്യമന്ത്രി ചെലവ് ചുരുക്കലിനെ സംബന്ധിച്ച് ബജറ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അമിതമായി കൈപ്പറ്റി മന്ത്രിമാര്‍ വിവാദത്തിലായതിനു പിന്നാലെ പ്രതിപക്ഷ നേതാവും വെട്ടിലായിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടി.എ, ഡി.എ, ടെലഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപയാണ്.
കെവി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണട വാങ്ങിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ സ്പീക്കർ പി.ശ്രീമാകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്നു 49,900 രൂപയാണു കൈപ്പറ്റിയതെന്നും 4.25 ലക്ഷം രൂപ ചികില്‍സാച്ചെലവായും ശ്രീരാമകൃഷ്ണന്‍ എഴുതിയെടുത്തുവെന്ന വാർത്തയും വന്നു.
ചെലവ് ചുരുക്കണം എന്നാവശ്യപെട്ട ധനമന്ത്രി തോമസ് ഐസക്ക് ആകട്ടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്ക്കായി ചെലവഴിച്ചത് 1.20 ലക്ഷം രൂപയാണ്. ഇതെല്ലം ഭരണ പക്ഷത്തിനെതിരെയുള്ള ആയുധമാക്കിയ പ്രതിപക്ഷത്തെ വെട്ടിലാക്കിയാണ് ഇപ്പോൾ രമേശ് ചെന്നിത്തലയുടെ ചെലവ് കണക്കുകൾ പുറത്ത് വന്നത്.
ടി.എ, ഡി.എ ഇനങ്ങളില്‍ ചെന്നിത്തല 5, 56, 061 രൂപയാണ് ഇതിനോടകം കൈപ്പറ്റിയിരിക്കുന്നത്. വിമാനയാത്രാ ചെലവിനായി 4,12, 819 രൂപയും, ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയാണ് ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്. ആകെ മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയത്.
https://www.facebook.com/Malayalivartha






















