ഒരു കണ്ണടയുടെ പേരിൽ ഉയർന്ന വിവാദം ക്രൂരമാണ്; നാല് പതിറ്റാണ്ട് കാലത്തെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ സംഭവം മാറരുത്; ഇത് ഒരു അനുഭവവും പാഠവുമാണ്, വിമർശനങ്ങളെ ഉൾകൊള്ളുന്നുവെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ

കണ്ണട വാങ്ങിയ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്നു 49,900 രൂപ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂർത്തിന്റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചർച്ച ചെയ്യപ്പെടണം. ഇതിൽ കാണിക്കുന്ന സവിശേഷ താൽപര്യം അസാധാരണമാണോ എന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ. സാമാജികർക്കു ലഭിക്കുന്ന ചികിത്സാ നിർദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകൾ പരിശോധിക്കുന്നതിന് ഡോക്ടേഴ്സ് പാനൽ പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും ഇത് ഒരു അനുഭവവും പാഠവുമാണ് .എന്റെ വ്യക്തി ശുദ്ധീകരണത്തിന് എന്ന നിലയിൽ എന്നെ വിമർശിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. വിമർശങ്ങൾ ഏറ്റുവാങ്ങുന്നു. സമൂഹം എന്നിൽ ഏൽപിക്കുന്ന പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തുറന്ന പ്രതികരണങ്ങൾ കുടുതൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ എന്നെ പ്രാപ്തനാക്കുമെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:
https://www.facebook.com/Malayalivartha






















