എല്ലാം വാരിക്കോരി... പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപികമാർക്ക് സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കി മാനേജ്മെന്റ്; അധ്യാപകരെ തിരിച്ചെടുത്തതും, കേക്ക് മുറിച്ച് ആഘോഷിച്ചതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്

ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്റ് രംഗത്ത്. അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്റ് ശമ്പളം നല്‍കി. സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്റ് ണ്ടു ദിവസം മുന്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്. ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നല്‍കി. ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു മാനേജ്‌മെന്റ സ്വീകരിച്ചത്.
ഈ നടപടിയ്‌ക്കെതിരെ വിദ്യഭ്യാസവകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി. പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷനും ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്ന കാര്യം അറിയിച്ചു.
അതേസമയം,ഗൗരിയുടെ മരണം കൊലപാതകമാണെന്ന് അച്ഛന്‍ ആര്‍. പ്രസന്നകുമാര്‍ ആരോപിച്ചു. ഗൗരിയുടെ തലയ്ക്ക് ആദ്യം പരിക്കേറ്റെന്നും പിന്നീടാണ് നിലത്ത് വീണതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളിന്റെ എല്ലാ ഭാഗത്തും സി.സി ടി വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഗൗരി നിലത്ത് വീഴുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് ശേഖരിച്ചത്.
ഗൗരിയുടെ ക്ലാസ് ടീച്ചറായിരുന്ന ക്രസന്റ് നെവിസ് വീട്ടില്‍ നടത്തിയിരുന്ന ട്യൂഷന്‍ ക്ലാസില്‍ ഗൗരി പോയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ ഗൗരിയെ കാരണങ്ങളുണ്ടാക്കി ശിക്ഷിച്ചു. ഗൗരിയുടെ അനുജത്തി മീര ക്ലാസ് ടീച്ചറായ സിന്ധുപോളിനെ കുറിച്ചും പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെന്ന നിലയില്‍ സ്കൂളിലെത്തി അനാവശ്യമായി കുട്ടികളെ പീഡിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
പിന്നീട് മീരയെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് സിന്ധുപോള്‍ ഇരുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൗരി ഇടപെട്ടു എന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ സിന്ധുപോളും ക്രസന്റ് നെവിസും ചേര്‍ന്ന് വിളിച്ചുകൊണ്ട് പോയത്. ഇതിന് ശേഷം 30 മിനിട്ടോളം മൂന്ന് പേരെയും ആരും കണ്ടിട്ടില്ല. ഇവരുടെ സി.സി ടിവി ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























