സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യചര്‍ച്ച കോണ്‍ഗ്രസ് തന്നെ; കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ രഹസ്യബാലറ്റ് വേണമെന്ന് മഹാരാഷ്ട്ര പ്രതിനിധികള്‍

ഹൈദരാബാദില്‍ തുടരുന്ന സി.പി.എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടും കേരളഘടകവും അടങ്ങുന്ന അച്ചുതണ്ടിന് മേല്‍ക്കൈ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരിയുടെ കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലും മുന്‍തൂക്കം ലഭിച്ചത്. രാവിലെയാണ് ചര്‍ച്ച ആരംഭിച്ചത്. 13 സംസ്ഥാനങ്ങളിലുള്ള ചില പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. ഇതില്‍ 10 ലധികം പ്രതിനിധികള്‍ പ്രമേയത്തെ തള്ളി. ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജനറല്‍ സെക്രട്ടറിക്കൊപ്പം നിന്നു. ചര്‍ച്ച നാളെ ഉച്ചയ്ക്ക് അവസാനിക്കുമെന്ന് യച്യൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ രഹസ്യബാലറ്റ് ഉപയോഗിക്കണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് യച്യൂരിക്ക് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. കാരണം കേരളത്തില്‍ നിന്നുള്ള 175 പ്രതിനിധികളില്‍ ചിലര്‍ യച്യൂരിക്ക് മാനസിക പിന്തുണ നല്‍കുന്നുണ്ട്. ചര്‍ച്ചകളില്‍ ഇവര്‍ കാരാട്ടിനൊപ്പം നില്‍ക്കുമെങ്കിലും വോട്ടെടുപ്പ് രഹസ്യമായാല്‍ പലരും തനിനിറം പുറത്ത് കാട്ടും. ആന്ധ്ര, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലെ പ്രതിനിധികള്‍ കാരാട്ടിന്റെ, കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള ബന്ധം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടിയത് കൊണ്ടാണ് ഭരണം നഷ്ടമായെന്ന് ത്രിപുരയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവാണ് ജനറല്‍സെക്രട്ടറിയുടെ പ്രമേയത്തിനെതിരെ ആദ്യം സംസാരിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സെക്രട്ടറി ഇക്കാര്യം മനസിലാക്കണമെന്നും രാജീവ് പറഞ്ഞു. കേന്ദ്രകമ്മിറ്റി സെന്ററില്‍ നിന്നുള്ള 29 പ്രതിനിധികളില്‍ ഇരുപതിലധികം പേര്‍ കാരാട്ടിനൊപ്പമാണ്. കേരളത്തില്‍ നിന്ന് 15 പേരോളം യച്യൂരി ലൈനിനൊപ്പമാണ്. ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന കേരളഘടകത്തിന്റെ യോഗത്തില്‍ പ്രമേയത്തെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനം എടുത്തത്.
22 സംസ്ഥാനങ്ങളിലെ 643 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും 175 പേര്‍ വീതമുണ്ട്. ഹിമാചല്‍ പ്രദേശ് (നാല്), ഹരിയാന (അഞ്ച്), പഞ്ചാബ് (12), രാജസ്ഥാന്‍ (ഏഴ്), ഗുജറാത്ത് (ആറ്), മഹാരാഷ്ട്ര (16), കര്‍ണാടക (11), തമിഴ്‌നാട് (50), ആന്ധ്രപ്രദേശ് (23), തെലങ്കാന (27), ഒഡീഷ (ഏഴ്), ഛത്തീസ്ഗഡ് (അഞ്ച്), മധ്യപ്രദേശ് (അഞ്ച്), ത്രിപുര (45), അസം (16), ജാര്‍ഖണ്ഡ് (8), ഉത്തര്‍പ്രദേശ് (ഒന്‍പത്), ജമ്മുകാശ്മീര്‍ (നാല്), ഉത്തരാഖണ്ഡ് (അഞ്ച്), ബീഹാര്‍ (18) എന്നിങ്ങനെയാണ് പ്രതിനിധികളുടെ പ്രാതിനിത്യം.
https://www.facebook.com/Malayalivartha
























