ഹര്‍ത്താലിന്റെ മറവില്‍ കലാപം നടത്താനുള്ള എസ്.ഡി.പി.ഐ നീക്കം; ഡി.ഐ.ബി കേരളത്തിലെത്തി, അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനായില്ല

വ്യാജ ഹര്‍ത്താലിന് ആഹ്വാനം നടത്തി, അതിന്റെ മറവില്‍ കലാപം നടത്താന്‍ എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും അടക്കം ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തില്ലാത്തതിനാല്‍ ഗവര്‍ണറുമായും ഡി.ജി.പിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തി മതസ്പര്‍ദ്ധ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡി.ഐ.ബി രാജീവ് ജെയ്ന്‍ സംസ്ഥാനത്ത് എത്തിയത്. ഇന്റലിജന്‍സ് ബ്യൂറോയുടെ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തിയതെന്ന് പൊലീസ് അറിയിച്ചു.
മുസ്്‌ലിംലീഗോ സംസ്ഥാനത്തെ പ്രധാനപ്പെട്ട മുസ്്‌ലിം സംഘടനകളോ ആഹ്വാനം ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലായിരുന്നു. ഇത് മുതലെടുക്കാനാണ് എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ ആയിരത്തോളം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പകുതിയിലേറെ പേര്‍ റിമാന്‍ഡിലാണ്. ഇവരുടെ പേര് വിവരങ്ങളും രാഷ്ട്രീയ പശ്ചാത്തലങ്ങളും അന്വേഷിക്കുന്നുണ്ട്. വിഷുവിന് തലേദിവസം മുതല്‍ ഇവര്‍ യോഗം ചേര്‍ന്ന് സംഘടിക്കാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യം മുന്‍കൂട്ടി അറിയുന്നതില്‍ സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്ന് സര്‍ക്കാരും കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു.

കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ സംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലിന് സോഷ്യല്‍ മീഡിയവഴി ചിലര്‍ ആഹ്വാനം ചെയ്തത്. ഉത്തരകേരളത്തില്‍ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഞായറാഴ്ച വിഷു ആയതിനാല്‍ തിങ്കളാഴ്ച പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. അതിനാല്‍ ഹര്‍ത്താല്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തിയിരുന്നില്ല. വ്യാജ ഹര്‍ത്താലാണെന്ന് തിങ്കളാഴ്ച രാവിലെ 11 മണി കഴിഞ്ഞാണ് ചാനലുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത്. അതും പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുകയും കട അടപ്പിക്കുകയും ചെയ്തതോടെയായിരുന്നു അത്.

ഹര്‍ത്താല്‍ സംബന്ധിച്ച വ്യാജ സന്ദേശത്തിന്റെ ഉറവിടം എറണാകുളം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. അതേസമയം ഇയാളെ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിംലീഗ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പരാതി നല്‍കിയിട്ടുണ്ട്. മതേതര കക്ഷിയായ മുസ്്‌ലിംലീഗിനെ കൂടി തകര്‍ക്കുകയാണ് ഇത്തരം തീവ്രസ്വഭാവമുള്ള സംഘടനകളുടെ ലക്ഷ്യം. അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























