സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവുമായി ഹൈക്കോടതി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടേക്കര്‍ വരുന്ന മൈതാനത്ത് വൃദ്ധസദനം നിര്‍മിക്കുന്നതിനെതിരെ കാസര്‍കോട് ഹൊസ്ദുര്‍ഗ് സ്വദേശി ഡോ. ടി.വി. പത്മനാഭന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളിന്റെ മൈതാനത്ത് വൃദ്ധസദനം നിര്‍മിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നു. ഇതിനെതിരെയാണ് പത്മനാഭന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍മാണം റദ്ദ് ചെയ്തു.
1980 ല്‍ സര്‍ക്കാര്‍ അനുവദിച്ച മൈതാനത്ത് 30 ലക്ഷം രൂപ ചെലവിട്ടു വൃദ്ധസദനം നിര്‍മിക്കാന്‍ 2016 ലാണ് നഗരസഭ തീരുമാനിച്ചത്. 2017 ഏപ്രിലില്‍ കെട്ടിട നിര്‍മാണം തുടങ്ങി. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ആര്‍ഡിഒയ്ക്ക് നല്‍കിയ പരാതിയില്‍ കെട്ടിട നിര്‍മാണം വിലക്കി. ഹെഡ്മാസ്റ്റര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പൊലീസില്‍ പരാതിപ്പെടാനാണ് മറുപടി ലഭിച്ചത്.
സംസ്ഥാന ബാലാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും നഗരസഭ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കി. ഇതിനിടെ കുട്ടികള്‍ക്കു പ്രയോജനകരമായ രീതിയില്‍ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സര്‍ക്കാര്‍ അനുമതി തേടിയത്. ജനുവരി 18ന് സര്‍ക്കാര്‍ കെട്ടിട നിര്‍മാണം തുടരാന്‍ അനുമതി നല്‍കി.
വൃദ്ധസദനമെന്ന ആശയത്തിനു പുറമേ കുട്ടികള്‍ക്കും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഇതിനെതിരെയാണ് പ്രഭാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മൈതാനം കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്നും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ അവിടം സാമൂഹികവിരുദ്ധരുടെ താവളമാണെന്നും നഗരസഭ വാദിച്ചു.
എന്നാല്‍ വിദ്യാഭ്യാസ നിയമത്തിലെ അഞ്ച് (ബി) പ്രകാരം സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വത്തുവകകള്‍ മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കായി താമസസൗകര്യം ഒരുക്കുന്നത് ശ്രേഷ്ഠമായ കാര്യമാണെങ്കിലും അതിനായി സ്‌കൂള്‍ മൈതാനത്തെ കോണ്‍ക്രീറ്റ് കെട്ടിടമാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വൃദ്ധസദനത്തിനായി സൗകര്യപ്രദമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനും ഹൈക്കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























