കുറ്റിക്കാട്ടില്‍ നവജാതശിശുവിന്റെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍ ; കയ്യും കാലും വേറിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത് കുടുംബശ്രീ പ്രവർത്തകർ

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ . പുത്തൂരില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായം കണക്കാക്കുന്നു. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കുഞ്ഞിനെ നായ കടിച്ചുകീറിയതാണെന്നാണ് സംശയിക്കുന്നത്.
ശനിയാഴ്ച രാവിലെ മാംസ കഷണങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നുള്ള തിരച്ചിലിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ കണ്ടെത്തിയത്. ഇവരാണ് പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ നിന്ന് നവജാത ശിശുവിന്റെ കാലിന്റെയും കൈവിരലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ പ്രസവശേഷം ജീവനോടെ ഉപേക്ഷിച്ചതാണോ അതോ മരണശേഷം മൃതദേഹം ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























