ആൺ വേഴാമ്പലിന് പിന്നാലെ കുഞ്ഞു വേഴാമ്പലും യാത്രയായി; ഒറ്റക്കായി അമ്മ വേഴാമ്പൽ; സങ്കടം അടക്കാനാവാതെ പരിപാലിച്ചിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സ്‌നേഹികളും

വാഹനമിടിച്ച ആൺ വേഴാമ്പലിന് പിന്നാലെ കുഞ്ഞ് വേഴാമ്പലും ജീവന്‍ വെടിഞ്ഞു. വാഹനമിടിച്ച് ആണ്‍ വേഴാമ്പൽ ചത്തതിനു പിന്നാലെ അമ്മ വേഴാമ്പലിനെയും കുഞ്ഞു വേഴാമ്പലിനേയും പരിപാലിച്ചിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും സങ്കടം അടക്കാനാകുന്നില്ല.
ചുണ്ടില്‍ കുഞ്ഞിനും അമ്മയ്ക്കുമുള്ള പഴങ്ങളുമായി പോകുന്നതിനിടെ വാഹനമിടിച്ചായിരുന്നു രണ്ടാഴ്ച മുന്‍പ് ആണ്‍ വേഴാമ്പൽ ചത്തുപോയത്. ഇതോടെ ഭക്ഷണം മുടങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞിനും ഭക്ഷണം എത്തിച്ചിരുന്നത് വനംവകുപ്പായിരുന്നു. ഏറെ കരുതലോടെ പരിപാലിച്ചു വരികയായിരുന്നെങ്കിലും വേഴാമ്പൽ കുഞ്ഞു ഒടുവില്‍ ജീവന്‍വെടിഞ്ഞു.
വെള്ളിയാഴ്ച രാവിലെ തീറ്റകൊടുക്കാനായി മരത്തില്‍ കയറിയപ്പോഴാണ് വേഴമ്പൽകുഞ്ഞു ചത്തതായി കണ്ടെത്തിയത്. എന്നാലും അമ്മ വേഴാമ്പലിനെയെങ്കലിലും ഭക്ഷണം നല്‍കി രക്ഷപെടുത്താനായതിന്റെ ആത്മസംതൃപ്തിയിലാണു പരിസ്ഥിതി സ്‌നേഹികളും വനംവകുപ്പ് ജീവനക്കാരും.
രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ കൊക്കിനുള്ളില്‍ പഴങ്ങളുമായി ചത്തുകിടന്ന ആണ്‍ വേഴാമ്പലിനെ കണ്ടെത്തിയത്. പെണ്‍ വേഴാമ്പൽ മുട്ടയിട്ട് അടയിരിക്കാന്‍ തുടങ്ങിയാല്‍ കൂടിന്റെ കവാടം മണ്ണുകൊണ്ട് അടയ്ക്കും. ഈ സമയത്ത് ഭക്ഷണം തേടിക്കൊണ്ടുവരുന്ന ആണ്‍ വേഴാമ്പൽ കവാടത്തിലെ ചെറിയ ദ്വാരത്തിലൂടെ കൊക്കുനീട്ടി ഉള്ളിലേക്കു കായ്കനികള്‍ കൊടുക്കുകയാണു ചെയ്യുക.
ഇതിനായി പഴങ്ങള്‍ കൊണ്ടുപോകുന്ന വഴിയിലാവും വാഹനമിടിച്ചു ചത്തുപോയതെന്ന നിഗമനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജുവും വനംവകുപ്പു ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് പരിസരത്തു തന്നെ ഈ വേഴാമ്പലിന്റെ കൂടു കണ്ടെത്തിയത്. അന്നുമുതല്‍ മരത്തില്‍ ഏണി വച്ചുകെട്ടി വനംവകുപ്പു ജീവനക്കാര്‍ കായ്കനികള്‍ നല്‍കുകയായിരുന്നു. കൂടിനു പുറത്തേക്കു കൊക്കുനീട്ടി അമ്മ വേഴാമ്പൽ പഴം തിന്നുമായിരുന്നു. നാലുദിവസം മുന്‍പ് കൂടുപൊളിച്ച് അമ്മ വേഴാമ്പൽ പറന്നു പോയി. പിന്നാലെ പുറത്തേക്കു കൊക്കുനീട്ടി കുഞ്ഞുവേഴാമ്പലും കായ്കനികള്‍ തിന്നു തുടങ്ങിയിരുന്നു.
പ്രകൃതി, സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ ഈ പ്രവര്‍ത്തിയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയിലൂടെ അമ്മ വേഴാമ്പലിന്റെ ജീവന്‍ രക്ഷിക്കാനായെങ്കിലും കുഞ്ഞുവേഴാമ്പൽ ചത്തതിന്റെ സങ്കടം മാറുന്നില്ല വനം വകുപ്പ് ജീവനക്കാര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും ചുണ്ടിൽ കുഞ്ഞിനും അമ്മയ്ക്കുമുള്ള പഴങ്ങളുമായി പോകുന്നതിനിടെ വാഹനമിടിച്ചു ചത്തുപോയ ആൺ വേഴാമ്പലിന്റെ കൂട്ടിലേക്ക് ഒരു വലിയ സങ്കടം കൂടി പറന്നിറങ്ങുന്നു.
https://www.facebook.com/Malayalivartha























