വാട്സാപ്പ് ഹര്‍ത്താൽ കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ; മുഖ്യസൂത്രധാരന്‍ മുൻ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. കൊല്ലം ഉഴകുന്ന് അമര്‍നാഥ് ബൈജു, തിരുവനന്തപുരം ജില്ലയിലെ കുന്നപ്പുഴ ആറാംമടം എം.ജെ സിറില്‍, നെയ്യാറ്റിന്‍കര വഴുതൂര്‍ ഗോകുല്‍ ശേഖര്‍, നെല്ലിവിള വെങ്ങാനൂര്‍ അഖില്‍, നെല്ലിവിള വെങ്ങാനൂര്‍ സുധീഷ് എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.
അമര്‍നാഥ് ബൈജുവാണ് സംഭവത്തിലെ മുഖ്യ സൂത്രധാരന്‍. ഏപ്രില്‍ 14 ന് 'വോയ്സ് ഒാഫ് യൂത്ത്', 'ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ്' എന്നീ പേരുകളില്‍ വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇവർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഈ ഗ്രൂപ്പുകളിൽ പതിനൊന്ന് പേരാണ് ഗ്രൂപ്പ് അഡ്മിന്മാരായി ഉണ്ടായിരുന്നത്
പതിനാറിന് നടന്ന ഹര്‍ത്താല്‍ മലപ്പുറത്താണ് കാര്യമായി വിജയിച്ചതെന്ന് വ്യക്തമാക്കി ഇവര്‍ അയച്ച വോയ്സ് ക്ലിപുകള്‍ മലപ്പുറം, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിമാര്‍ മഞ്ചേരിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ സംഘത്തെ കേള്‍പ്പിച്ചു. ഒാരോ ജില്ലയിലേയും വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ഇൗ സന്ദേശം പ്രചരിപ്പിക്കുയായിരുന്നു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്ന വാട്സ് ആപ് ഗ്രൂപ്പിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി ഇവരെ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മുഖ്യസൂത്രധാരനായ അമര്‍നാഥ് ബൈജു നേരത്തേ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ശിവസേനയില്‍ ചേര്‍ന്നതായും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത സമ്മേളനത്തില്‍ ഇത് നല്‍കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. പിടിയിലായവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും സംഘ്പരിവാര്‍ അനുകൂല നിലപാടുകളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























