വരാപ്പുഴ കസ്റ്റഡി മരണം; എസ്ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കിയ ദീപക്കിനെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി ഏഴോടെയാണ് ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ദേഹോപദ്രവം ഏല്പിക്കല് എന്നീ കുറ്റങ്ങള്‍ എസ്ഐക്കെതിരേ ചുമത്തിയിട്ടുണ്ട്.
ദീപക്ക് സമർപിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ദീപക് നാലാം പ്രതിയാണ്.
ശ്രീജിത്തിനെ എസ്.ഐ ദീപക് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ ആരോപണമുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായ ഒൻപതുപേരും ശ്രീജിത്തിന്റെ അമ്മയടക്കമുള്ളവരും എസ്ഐക്കെതിരേ മൊഴി നല്‍കിയിരുന്നു. ദീപക്കിനെ അന്വേഷണത്തിന്റെ ഭാഗമായി സര്‍വീസില്‍നിന്നു നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























