കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി. പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും തര്‍ക്കവിഷയത്തില്‍ ദീര്‍ഘകാല പരിഹാരം കണ്ടെത്തണമെന്നും യു.എന്‍ നിര്‍ദേശിച്ചു. കശ്മീര്‍ വിഷയം രാജ്യാന്തര തലത്തില്‍ ചര്‍ച്ചാവിഷയമായി ഉയര്‍ത്തുകയെന്ന പാകിസ്താന്റെ ലക്ഷ്യത്തിനേറ്റ തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിയന്ത്രണരേഖയില്‍ ഉടലെടുത്ത സംഘര്‍ഷത്തെ കുറിച്ച് ബോധ്യമുണ്ട്. ആക്രമണങ്ങളിലുണ്ടായ മരണങ്ങളിലും തദ്ദേശവാസികള്‍ പാലയനം ചെയ്യുന്നതിലും മൂണ്‍, ദുഃഖം രേഖപ്പെടുത്തിയതായും ബാന്‍ കി മൂണിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ, വിദേശകാര്യ ഉപദേശകനായ സര്‍താജ് അസീസാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബാന്‍ കി മൂണിന് കത്തയച്ചത്. കത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇന്ത്യ 174 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് പാകിസ്ഥാന്റെ ആരോപണം.
ഒക്ടോബര്‍ ഒന്നിനും പത്തിനുമിടയില്‍ 20 തവണ കരാര്‍ ലംഘനമുണ്ടായെന്നും പന്ത്രണ്ട് പേര്‍ മരിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 52 നാട്ടുകാര്‍ക്കും ഒന്‍പത് സൈനികര്‍ക്കും പരുക്കേറ്റെന്നാണ് പാകിസ്താന്റെ അവകാശവാദം. ഓഗസ്റ്റ് 25 ന് നടത്താനിരുന്ന വിദേശകാര്യസെക്രട്ടറിമാരുടെ ചര്‍ച്ച യാതൊരു മുന്നറിയിപ്പും ഇല്ലാതതെ ഇന്ത്യ റദ്ദാക്കിയെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയെ അഭി സംബോധന ചെയ്യുമ്പോള്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഷും ഇതേ നിലപാടാണ് എടുത്തത്. അന്താരാഷ്ട്ര സമൂഹം പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നവാസ് ഷെരീഫ് പൊതു സഭയിലും ആവശ്യപ്പെട്ടു. ഇവയാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ തള്ളിയത്. ഇന്ത്യയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന പാക് വാദവും ഇതോടെ അസ്ഥാനത്തായി. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ ഈ നിലപാട്.
https://www.facebook.com/Malayalivartha

























