യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ട്; മിന്നലാക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. മിന്നലാക്രമണങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും സാമ്പത്തിക രംഗത്തെ പരാജയങ്ങള്‍ മൂലം സൈന്യത്തിന് പിന്നില്‍ ഒളിച്ചിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് ആരോപിച്ചു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൻമോഹൻ സിംഗിന്റെ വെളിപ്പെടുത്തൽ.
ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനും തീവ്രവാദ ക്യാംപായി പ്രഖ്യാപിക്കാനും നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ലെഷ്കര്‍ ഇ ത്വയിബ തലവന്‍ ഹാഫിസ് സയിദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ സാധിച്ചു. തങ്ങള്‍ നടത്തിയ മിന്നലാക്രമണങ്ങളെപ്പറ്റിയും മറ്റും പ്രചാരണം നടത്തി വോട്ട് തേടാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല. അതാണ് മോദി സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഭീകരവാദ വിരുദ്ധ സെന്ററിന്റെ ഭാഗമായി കോസ്റ്റല്‍ സെക്യൂരിറ്റി മെക്കാനിസം കൊണ്ടുവരാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ രൂക്ഷമായി എതിര്‍ത്തത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയാണെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യപ്പെടാനുള്ള അര്‍ഹത ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കില്ല. ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയം സൈന്യത്തിന്റെ നേട്ടമാണെന്നല്ലാതെ സ്വന്തം നേട്ടമാണെന്ന് പറഞ്ഞ് ലാഭം കൊയ്യാന്‍ ഇന്ദിരാ ഗാന്ധി ശ്രമിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇക്കാലയളവില്‍ 942 സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. '2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി.... അങ്ങനെ 942 വന്‍ സ്ഫോടനങ്ങളാണ് 2014 മുതല്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വച്ച് അതൊക്കെ കേള്‍ക്കേണ്ടതാണ്' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 പോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
https://www.facebook.com/Malayalivartha