ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെ നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

വധശിക്ഷയില്‍ നിന്നും ഒഴിവാക്കണെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. തിഹാര്‍ ജയില്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ മുകേഷ് സിങ്, വിനയ് ശര്‍മ എന്നീ രണ്ട് പേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് മുകേഷ് സിങ് ദയഹര്‍ജി നല്‍കിയത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.കേസിലെ പ്രതിയായ വിനയ് ശര്‍മ നേരത്ത വധശിക്ഷ റദ്ദാക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. ഇത് പ്രകാരം രാഷ്ട്രപതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ദയാഹര്‍ജി തള്ളണമെന്നായിരുന്നു കേന്ദ്രത്തിന്റെ ശുപാര്‍ശ. എന്നാല്‍ ഇതില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതിന് മുന്‍പ് വിനയ് ശര്‍മ ദയാഹര്‍ജി പിന്‍വലിച്ചിരുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha