ചൈനീസ് ആപ്പിന് അടി കിട്ടിത്തുടങ്ങി; ടിക് ടോക് പ്ലേ സ്റ്റോറിൽ ബ്ലോക്ക് ചെയ്തു; ലഭിക്കുന്നത് 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല' എന്ന സന്ദേശം

അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്‌ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല' എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തമായതിനു പിന്നാലെയാണ് പുതിയ തീരുമാനം.
യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്.
ടിക്ടോക് അടക്കം 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ടിക്ടോക് ഇന്ത്യയുടെ ചെയർമാൻ നിഖിൽ ഗാന്ധി. വിശദീകരണം നൽകുന്നതിനായി സർക്കാർ വൃത്തങ്ങളെ കാണും. ഇന്ത്യൻ നിയമത്തിന്റെ കീഴിൽവരുന്ന എല്ലാ വിവരസുരക്ഷ ക്രമീകരണങ്ങളും പാലിച്ചാണ് ടിക്ടോക് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയടക്കം വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല. ഭാവിയിൽ അവർ ആവശ്യപ്പെട്ടാലും ഇത് നൽകില്ല. സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും നിഖിൽ പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha