പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി;സംഭവത്തില്‍ രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍

പതിനാറുകാരിയായ മലയാളി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്എം നഗര്‍ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സുബിന്‍ ബാബു (24), സുഹൃത്ത് സജിന്‍ വര്‍ഗീസ് (27) എന്നിവരാണു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അറസ്റ്റിലായത്.
മുഖ്യപ്രതി സുബിന്‍ സ്വകാര്യ കമ്ബനിയില്‍ മാനേജരാണ്. മൂന്നു വര്‍ഷം മുന്‍പാണ് സെംപാക്കം സ്വദേശിനിയായ 19കാരിയെ സുബിന്‍ പരിചയപ്പെട്ടത്. അന്നു 16 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചു വിവാഹവാദ്ഗാനം നല്‍കിയാണു പ്രതി പീഡിപ്പിച്ചതെന്നു താംബരം ഓള്‍ വിമന്‍ പൊലീസ് പറഞ്ഞു. പിന്നീട് ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും അടക്കം മൂന്നു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു.
പ്രായപൂര്‍ത്തിയായതിനാല്‍ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ വീണ്ടും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടര്‍ന്നും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണു പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്തിയതായും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























