കങ്കണ റനൗട്ടിന് 'വൈ പ്ലസ് ' കാവല്‍ ഏര്‍പ്പെടുത്തി കേന്ദ്രം; സിആര്‍പിഎഫിന്റെ 10 സായുധ കമാന്‍ഡോകള്‍ ഇനി 24 മണിക്കൂറും നടിക്ക് അകമ്പടിയേകും

നടി കങ്കണ റനൗട്ടിന് കേന്ദ്രം വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. സിആര്‍പിഎഫിന്റെ 10 സായുധ കമാന്‍ഡോകള്‍ ഇനി 24 മണിക്കൂറും നടിക്ക് അകമ്പടിയേകും. നിലവില്‍ മഹാരാഷ്ട്ര പൊലീസോ സ്വകാര്യ സുരക്ഷാ ഏജന്‍സികളോ ആണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമുള്ളത്. സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ലഭിക്കുന്ന ആദ്യത്തെ ബോളിവുഡ് താരമായി കങ്കണ റനൗട്ട്.
സ്വന്തം നാടായ ഹിമാചല്‍പ്രദേശില്‍ നിന്നു നടി നാളെ മുംബൈയിലെത്തും. സുരക്ഷ ഏര്‍പ്പെടുത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നന്ദി പറഞ്ഞ കങ്കണ, ഒരു ദേശാഭിമാനിയെയും ആര്‍ക്കും അടിച്ചമര്‍ത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു. മുംബൈ പൊലീസില്‍ അവിശ്വാസം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ശിവസേനയുടെയും മറ്റു ഭരണപക്ഷ പാര്‍ട്ടികളുടെയും കണ്ണിലെ കരടായി മാറിയതിനു പിന്നാലെയാണു നടിക്കു വേണ്ടി കേന്ദ്രഇടപെടല്‍.
കങ്കണ ഏതാനും ദിവസം മുമ്പ്, ബോളിവുഡിലെ ലഹരി മാഫിയയെക്കുറിച്ചു തുറന്നുപറയാന്‍ തയാറാണെന്നും എന്നാല്‍ അതിനു സുരക്ഷ വേണമെന്നും പറഞ്ഞിരുന്നു. പിന്നീട്, മുംബൈ ഇപ്പോള്‍ പാക്ക് അധിനിവേശ കശ്മീര്‍ പോലെയാണെന്നും മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും കങ്കണ ആരോപിച്ചു. ഇതേതുടര്‍ന്ന്, ശിവസേനാ എംപി സഞ്ജയ് റാവുത്ത് കങ്കണയോട് മുംബൈയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതോടെ വിവാദം കൊഴുത്തു.
ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്ക്, മഹാരാഷ്ട്രയെ അവഹേളിച്ച കങ്കണ റനൗട്ടിന് എതിരെ നിയമനടപടിയെടുക്കാന്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി സ്പീക്കര്‍ക്ക് കത്തുനല്‍കി. തുടര്‍ച്ചതായ ട്വീറ്റുകളില്‍ മുംബൈയെയും മഹാരാഷ്ട്രയെയും താറടിക്കുകയാണ് നടിയെന്ന് കത്തില്‍ ആരോപിച്ചു. സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നടിക്കെതിരെ ഒളിയമ്പെയ്തു. ഉപജീവനമാര്‍ഗം നല്‍കിയ നഗരത്തോടു ചിലര്‍ക്കു നന്ദിയില്ലെന്നായിരുന്നു പരാമര്‍ശം.
ശിവസേന ഭരിക്കുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) എന്റെ ഓഫിസ് പൊളിക്കാന്‍ ഒരുങ്ങുകയാണ്. ഓഫിസില്‍ അതിക്രമിച്ചു കയറിയ അവര്‍ അയല്‍വാസികളെയും ഉപദ്രവിക്കുന്നു. അവിടെ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അനധികൃത കെട്ടിടമാണെങ്കില്‍ ബിഎംസി നോട്ടിസ് നല്‍കുകയാണ് വേണ്ടതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























