ബുറെവിയെ പിടിച്ചുകെട്ടിയത് ആര്? അമ്പരപ്പ് മാറാതെ ശാസ്ത്രലോകം; മന്നാര്‍ ഉള്‍ക്കടലില്‍ സംഭവിച്ചത്; ബുറെവിക്ക് എതിരെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇത് ബുറെവിയെ പിടിച്ചുക്കെട്ടി

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതക്കുമെന്ന് പ്രവചിക്കപ്പെട്ട ബുറേവിക്ക് സംഭവിച്ചത് എന്താണ്. തമിഴ്‌നാട്ടില്‍ മഴയുടെ രൂപത്തില്‍ ദുരന്തം വിതറിയെങ്കിലും കേരളത്തില്‍ ബുറേവിയുടെ പാര്‍ശ്വഫലമൊന്നും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. മൂന്ന് കൂറ്റന്‍ ചങ്ങലകള്‍കൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട ഒരു ആനയുടെ അവസ്ഥയാണ് ഇപ്പോള്‍ ബുറെവിക്കാറ്റിന് സംഭവിച്ചിരിക്കുന്നത്. കന്യാകുമാരിക്കും ശ്രീലങ്കയുടെ വടക്കുഭാഗത്തിനും ഇടയില്‍, മന്നാര്‍ ഉള്‍ക്കടലില്‍ പെട്ടിരിക്കുകയാണ് ബുറെവി. സാധാരണഗതിയില്‍ വടക്കുപടിഞ്ഞാറോട്ട് പാഞ്ഞുപോകേണ്ട ന്യൂനമര്‍ദം, ശ്രീലങ്ക കടന്നതോടെ ശക്തികുറഞ്ഞു. എങ്കിലും മന്നാര്‍ കടന്നാലുടന്‍ അറബിക്കടലില്‍നിന്നു കിട്ടുന്ന ഗതികോര്‍ജത്തിന്റെ സഹായത്തോടെ വീണ്ടും ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങും എന്നായിരുന്നു മിക്ക വിശകലനങ്ങളും.
എന്നാല്‍ ഈ സംഭവം ലോകത്തെ എല്ലാ കാലാവസ്ഥാശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചുകൊണ്ട് നിന്നിടത്തുതന്നെ നിലയുറപ്പിച്ചു, ബുറെവി. ഇങ്ങനെ സാധാരണ സംഭവിക്കാറില്ല. ബുറെവിക്ക് പടിഞ്ഞാറോട്ടു പോകാനാവാത്ത രീതിയില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു. മുകളിലായി മറ്റൊരു ജെറ്റ് സ്ട്രീം (അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ശക്തമായ വായുപ്രവാഹം) പ്രതിഭാസവും രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദമുണ്ടായി.
ഇതൊടെ ആഴംകുറഞ്ഞ കടലിടുക്കില്‍പ്പെട്ട തിമിംഗിലത്തെപ്പോലെയായി ബുറെവി. രാമേശ്വരം ഭാഗത്ത് കടലിന് ആഴം കുറവായതിനാല്‍, ചുഴലിക്കാറ്റായി മാറാന്‍വേണ്ട ഗതികോര്‍ജം കൈവരിക്കാന്‍ ബുറെവിക്ക് കഴിയാതെപോയി. കന്യാകുമാരി തീരംവഴി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോള്‍ ഈ കാറ്റ്. സഹ്യപര്‍വതനിരകള്‍ കേരളത്തിലേക്ക് കടത്താതെ ബുറെവിയെ തെക്കോട്ടുതന്നെ നീക്കി. എങ്കിലും വന്നുപെട്ട അതേ ഇടത്തുനിന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണത്. ഏതാണ്ടെല്ലാ പ്രവചനങ്ങളും തെറ്റിച്ച ബുറെവിയെ പ്രകൃതിയുടെ നിഗൂഢത എന്നേ വിശേഷിപ്പിക്കാനാവൂ. ആന്തരികമായ ശക്തിയുപയോഗിച്ച് നീങ്ങാനാണ് ബുറെവി ശ്രമിക്കുന്നത്.
എന്നാല്‍, ഓരോ പരിശ്രമം കഴിയുമ്പോഴും സഹ്യന്റെയും ജാഫ്‌നയുടെ വടക്കന്‍ മലനിരയുടെയും ബലപരീക്ഷണം ബുറെവിയെ ക്ഷീണിപ്പിക്കുന്നു. പ്രകൃതിയില്‍നിന്നുദ്ഭവിച്ച് അതിനോടുതന്നെ ഏറ്റുമുട്ടി ഇല്ലാതാവുന്ന വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമായി ബുറെവി മാറാനാണു സാധ്യത.
https://www.facebook.com/Malayalivartha























