എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ച 24 കാരിയുടെ കൈവിരലുകൾ അച്ഛനും സഹോദരനും മുറിച്ചു; . പ്രണയത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം, നാടിനെ നടുക്കിയ ക്രൂരത

പ്രണയത്തിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ച 24 കാരിയുടെ കൈവിരലുകൾ അച്ഛനും സഹോദരനും ചേർന്ന് വെട്ടിമാറ്റിയതായി റിപ്പോർട്ട്. കർണാടകത്തിലെ ചാമരാജൻ നഗർ ജില്ലയിൽ പി ജി പാല്യഗ്രാമത്തിലെ ധനലക്ഷ്മി എന്ന യുവതിക്കാണ് കൊടുംക്രൂരത നേരിടേണ്ടി വന്നത്.
ധനലക്ഷ്മിയും സത്യ എന്ന യുവാവും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മാതാപിതാക്കളുടെ അനുമതിയോടെ തന്നെ വിവാഹം കഴിക്കാനായിരുന്നു ധനലക്ഷ്മിക്ക് ആഗ്രഹം. വിവാഹക്കാര്യം മാതാപിതാക്കളോട് പറഞ്ഞെങ്കിലും കുടുംബം ഇതിനെ എതിർത്തു. പ്രണയത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ, ധനലക്ഷ്മി അതിന് തയ്യാറായില്ല. തുടർന്ന് കുടുംബാംഗങ്ങൾ എതിർത്താലും വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ധനലക്ഷ്മിയുടെ വീട്ടിൽ അറിഞ്ഞതോടെ, എങ്ങനെയും വിവാഹം തടയാനായി ധനലക്ഷ്മിയുടെ അച്ഛന്റെയും സഹോദരന്റെയും ശ്രമം.
വീടുവിട്ടിറങ്ങിയ ധനലക്ഷ്മിയെ സമീപത്തുളള മെഡിക്കൽസ്റ്റോറിന് സമീപത്തുവച്ച് അച്ഛനും സഹോദരനും പിടികൂടി. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനലക്ഷ്മി ഇവരെ അറിയിക്കുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ കലികയറിയ അച്ഛനും സഹോദരനും ചേർന്ന് ബലംപ്രയോഗിച്ച് ധനലക്ഷ്മിയുടെ നാല് കൈവിരലുകൾ വെട്ടിമാറ്റി. രക്തംവാർന്ന് അവശയായ ധനലക്ഷ്മിയെ ഒടുവിൽ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു.
https://www.facebook.com/Malayalivartha























