ഇന്ത്യയിലും വാക്‌സീനുകള്‍ക്ക് അനുമതി വൈകില്ലെന്ന് കേന്ദ്രം... മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കും

കോവിഡ് വാക്‌സീനുകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം കേന്ദ്രം അനുമതി നല്‍കിയേക്കുമെന്ന് സൂചന. സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യന്‍ കമ്ബനികള്‍. മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കും. ആദ്യ പരിഗണന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്‌സീന്‍ വിതരണപദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടിഷ് സ്വീഡിഷ് കമ്ബനി അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന്റെ ഇന്ത്യയിലെ ഉല്‍പാദന പരീക്ഷണ കരാറുള്ള സീറം ഇന്‍സ്റ്റിറ്റിയൂട്ടാണ് കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യന്‍ സ്ഥാപനം. ഫ്രിജിലെ താപനിലയില്‍ സൂക്ഷിക്കാമെന്നതാണ് കോവിഷീല്‍ഡിന്റെ ഗുണം. ഇന്ത്യയില്‍ നിര്‍മിക്കുന്നതു കൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ വികസിപ്പിച്ചത്. അമേരിക്കന്‍ കമ്ബനിയായ ഫൈസറും വാക്‌സീന് ഇന്ത്യയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഫൈസറിന്റെ വാക്‌സീന്‍ വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് നിലവില്‍ പ്രാവര്‍ത്തികമല്ല.
https://www.facebook.com/Malayalivartha























