ഹോം വര്‍ക്ക് ചെയ്യാത്തതിന് മകളെ അധ്യാപകന് ശിക്ഷിച്ചു... പിതാവ് ചോദിക്കാന്‍ എത്തിയത് തോക്കുമായി
ഹോം വര്‍ക്ക് ചെയ്യാത്തതിന് മകളെ അധ്യാപകന് വഴക്ക് പറയുകയും അടിക്കുകയും ചെയ്തതില്‍ കുപിതനായി പിതാവ് ചോദിക്കാന്‍ എത്തിയത് തോക്കുമായി. വാക്കുതര്‍ക്കത്തിനിടയില്‍ നടത്തിയ വെടിവെപ്പില്‍ സ്കൂള്‍ ഉടമയുടെ ഭാര്യക്ക് പരിക്ക്. ഭരത്പൂര്‍ ജില്ലയിലെ കാമന് പൊലീസ് സ്റ്റേഷന് പരിധിയിലെ കന്വാഡ ഗ്രാമത്തിലെ ബജ്രംഗ് പബ്ലിക് സ്കൂളിലാണ് സംഭവം.
പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വെടിവെച്ച ശേഷം സൈനികന് രാംനിവാസ് ഗുജ്ജാര്‍ ഒളിവില്‍ പോയി. ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. രാംനിവാസ് ഗുജ്ജാര്‍ സൈന്യത്തിലാണ് സേവനം അനുഷ്ഠിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും അറസ്റ്റിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
20 ദിവസം മുമ്പാണ് ഹോംവര്‍ക്ക് ചെയ്യാത്തതിന് പ്രതിയുടെ ഏഴാം ക്ലാസുകാരിയായ മകള്‍ ഗംഗയെ അധ്യാപകന് സുരേന്ദ്ര സിങ് വഴക്കുപറയുകയും അടിക്കുകയും ചെയ്തത്. തിങ്കളാഴ്ച അവധിക്ക് നാട്ടിലെത്തിയ പിതാവിനോട് മകള്‍ സംഭവം വിവരിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ പ്രതി രാംനിവാസ് ഗുജ്ജാര്‍ പിസ്റ്റളുമായി സ്കൂളിലെത്തുകയായിരുന്നുവെന്ന് കാമന് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ദൗലത് സാഹു പറഞ്ഞു. സ്കൂള്‍ ഉടമ കൂടിയായ സുരേന്ദ്ര സിങ്ങിന് നേരെ തോക്ക് ചൂണ്ടി പ്രതി വിരട്ടി. വഴക്കിനിടെ ഇടപെട്ട സമയത്താണ് ഇയാളുടെ ഭാര്യ രാജ്ബാലക്ക് വെടിയേറ്റത്. രാജബാലയുടെ കൈക്കാണ് വെടിയേറ്റത്.
https://www.facebook.com/Malayalivartha