മോഡി ഇടപെട്ടു, മാഞ്ചി തങ്ങള്‍ക്ക് പാരയാകുമോ എന്ന് ആശങ്കയറിയിച്ച് പാസ്വാന്‍ ബിജെപി ക്യാമ്പില്‍

ബീഹാറില്‍ ദളിത് സ്വാധീനത്തിന്റെ പേരില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് എന്‍.ഡി.എയില്‍ അസ്വാരസ്യമുണ്ടാക്കിയ രാംവിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി തത്കാലം അടങ്ങാന്‍ തീരുമാനിച്ചു. രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ ധാരണയായത്.
ബീഹാറിലെ മഹാദളിത് വിഭാഗത്തിന്റെ പിന്തുണ അവകാശപ്പെട്ട് ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്തതാണ് എല്‍.ജെ.പിയെ പ്രകോപിപ്പിച്ചത്. 243ല്‍ എല്‍.ജെ.പിക്കു 40 സീറ്റുകളാണ് ലഭിച്ചത്. കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സീറ്റു വിഭജനം തങ്ങളെ ഞെട്ടിച്ചെന്നും ചിരാഗ് പ്രതികരിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ എത്തിയത്. ബീഹാറില്‍ ദളിത് വോട്ടുകള്‍ ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് അന്ന് പാസ്വാന്റെ കൂട്ടു വേണമായിരുന്നു. നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച ജിതന്‍ റാം മാഞ്ചി ബീഹാറിലെ മഹാ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുള്ള നേതാവാണ്. എന്‍.ഡി.എയിലെ തങ്ങളുടെ സ്ഥാനം മാഞ്ചിയുടെ എച്ച്.എ.എം തട്ടിയെടുക്കുമോ എന്ന് പാസ്വാനും കൂട്ടരും ഭയപ്പെടുന്നുണ്ട്.
സീറ്റുവിഭജന ചര്‍ച്ചയില്‍ തീരുമാനത്തിനു വിരുദ്ധമായാണ് ഒടുവില്‍ കാര്യങ്ങള്‍ നടന്നതെന്നും ജിതന്‍ മാഞ്ചിയുടെ ആവശ്യം പരിഗണിച്ചതുപോലെ തങ്ങളെയും കാണണമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് ബി.ജെ.പി നേതൃത്വം ചര്‍ച്ചയ്ക്കു വിളിച്ചത്. അതൃപ്തിയുണ്ടെങ്കിലും മുന്നണി വിടാന്‍ ആലോചനയൊന്നുമില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചിരാഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























