അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യ പാക് തീരുമാനം

അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ പാക് ഫ്‌ലാഗ് മീറ്റിംഗില്‍ തീരുമാനം. നിരന്തരം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നേരിടുന്ന നിയന്ത്രണ രേഖയിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പൂഞ്ചിലെ ചകാന്‍ ദാ ബാഗില്‍ രാവിലെ 11.30ന് നടന്ന ബ്രിഗേഡിയര്‍ കമാന്‍ഡര്‍ തല യോഗത്തില്‍ ഇന്ത്യയുടെ എച്ച്.എസ്.സരീണും പാകിസ്ഥാന്റെ ഓസ്മാനും പങ്കെടുത്തു. തുടരുന്ന വെടി നിര്‍ത്തല്‍ ലംഘനങ്ങള്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം, ഒളി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് പ്രതിരോധ വിഭാഗം പി.ആര്‍.ഒ എസ്.എന്‍.ആചാര്യ പറഞ്ഞു. പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഇരുപതു ദിവസത്തോളം നീണ്ട വെടിവെയ്പ്പിനും ഷെല്ലാക്രമണത്തിനും ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ബ്രിഗേഡിയര്‍ തല ചര്‍ച്ച നടക്കുന്നത്. ഈ മാസം മാത്രം 25 തവണ പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചതായാണ് കണക്ക്. ഞായറാഴ്ച നടന്ന അവസാന ആക്രമണത്തില്‍ രാജൗരി ജില്ലയില്‍ ബി.എസ്.എഫ് എ.എസ്.ഐ സോഹന്‍ കൊല്ലപ്പെട്ടിരുന്നു. 2014 സെപ്തംബര്‍ നാലിനാണ് അവസാന ബ്രിഗേഡിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























