15 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളടക്കം എട്ട് പേര്‍ക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളടക്കം എട്ട് പേര്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ, മൂന്ന് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ക്കുന്നതിനായി 15 കാരിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പഠിക്കണമെന്ന ആവശ്യം പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ ഇത് വിസമ്മതിക്കുകയും ശേഷം ജനുവരി എട്ടിന് ഹൈദരാബാദില്‍ നിന്നുള്ള 25 കാരനായ ആമിര്‍ ഖാന്‍ ഹനീഫ് ഖാന്‍ എന്ന വ്യക്തിയുമായി കല്യാണം നടത്തുകയും ചെയ്തു.
പെണ്‍കുട്ടി നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, മുത്തശ്ശി എന്നിവരുള്‍പ്പടെ എട്ട് പേര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷം, മുത്തശ്ശിയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്നാല്‍ കുറച്ചുദിവസത്തിനുള്ളില്‍ പെണ്‍കുട്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മാവന്റെ വീട്ടിലേയ്ക്ക് പോന്നിരുന്നു. ഈ വിവരം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഹൈദരാബാദിലേയ്ക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.ഭയന്ന് നാടുവിടാന്‍ നിന്ന പെണ്‍കുട്ടിയെ സംശയാസ്പദമായ രീതിയില്‍ ഔറംഗബാദ് സ്‌റ്റേഷനില്‍ വച്ച് കണ്ട റെയില്‍വേ ജീവനക്കാരി, സ്ത്രീ സുരക്ഷ നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ടിട്ടുള്ള ദാമിനി ടീമിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha