ലഗേജിന് അനുവദിച്ചതിലും കൂടുതൽ ഭാരം, അധികം പണം അടയ്ക്കാൻ ജീവനക്കാർ പറഞ്ഞതോടെ വ്യാജ ബോംബ് ഭീഷണി, മുംബൈ എയർപ്പോർട്ടിൽ യുവതി പിടിയിൽ

അടുത്തിടെയായി യാത്രക്കാരുണ്ടാക്കുന്ന ഓരോ പൊല്ലാപ്പുകൾ വിമാനക്കമ്പനി അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോൾ യാത്രയ്ക്കായി എയർപ്പോർട്ടിലെത്തിയ യുവതിയാണ് എല്ലാവരേയും ഭീതിയുടെ മുൾമുനയിലാക്കിയത്.
തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയാണ് യുവതി വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ആണ് ഈ സംഭവം ഉണ്ടായത്. കൊൽക്കത്തിയിലേക്ക് പോകാൻ രണ്ട് ബാഗുകളുമായി വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്ന ലഗേജുകളുടെ ആകെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു.
ഒരാൾക്ക് 15 കിലോ മാത്രമേ അനുവദിക്കാനാകൂ എന്നും ഇതിൽ കൂടുതൽ ഭാരം അനുവദിക്കില്ലെന്നും അല്ലെങ്കിൽ അധികം പണം അടയ്ക്കേണ്ടതുണ്ടെന്നും വിമാനത്താവളത്തിലെ ജീവനക്കാർ അറിയിച്ചതോടെയാണ് യുവതിയുടെ പെരുമാറ്റം അടിമുടി മാറിയത് .താൻ അധികം പണം നൽകില്ലെന്ന് യുവതി വ്യക്തമാക്കുകയും എയർലൈൻ ജീവനക്കാരുമായി തർക്കം ആരംഭിക്കുകയുമായിരുന്നു.
എന്നാൽ ഇതിനിടെ തൻ്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് ഇവർ വ്യക്തമാക്കിയതോടെ ജീവനക്കാർ പരിഭ്രാന്തരായി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ രണ്ട് ബാഗുകളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതിയെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha