ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കര്‍ണാടകയില്‍

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കര്‍ണാടകയില്‍. രാവിലെ ഒമ്പതിന് ബംഗളൂരുവില്‍ നടക്കുന്ന ബി.ജെ.പി- ജെ.ഡി-എസ് നേതാക്കളുടെ സഖ്യകക്ഷി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും.
ബംഗളൂരു നോര്‍ത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെന്‍ട്രല്‍, ബംഗളൂരു റൂറല്‍, ചിക്കബല്ലാപുര മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 11ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും.
സീറ്റ് നിര്‍ണയത്തില്‍ അതൃപ്തരായ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചിക്കബല്ലാപുര, തുമകൂരു, ദാവന്‍കരെ, ചിത്രദുര്‍ഗ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത ശബ്ദമുയര്‍ന്നിട്ടുണ്ടായിരുന്നു.
വിമതനീക്കം നടത്തുന്ന നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തും. ബംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചന്നപട്ടണയില്‍ വൈകുന്നേരം റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
ജെ.ഡി-എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മരുമകന്‍ ഡോ. സി.എന്‍. മഞ്ജുനാഥാണ് ബംഗളൂരു റൂറലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറല്‍ പിടിച്ചെടുക്കുക എന്നതിനൊപ്പം 'ഡി.കെ ബ്രദേഴ്‌സി'ന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യവും ബി.ജെ.പിക്കും ജെ.ഡി-എസിനുമുണ്ട്.
https://www.facebook.com/Malayalivartha