ഔദ്യോഗിക വസതിയില്‍ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ

ഔദ്യോഗിക വസതിയില്‍ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയിലെ ജുഡിഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിറുത്തി. യശ്വന്ത് വര്‍മ്മ കൈകാര്യം ചെയ്തിരുന്ന കേസുകള്‍ മറ്റു ബെഞ്ചുകളിലേക്ക് കൈമാറി. വില്‍പന നികുതി, ജി.എസ്.ടി, കമ്പനി തര്‍ക്കങ്ങള്‍ എന്നിവയാണ് ജഡ്ജി പരിഗണിച്ചിരുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാദ്ധ്യായ നടപടിയെടുത്തത്. വൈകീട്ടായപ്പോള്‍ വിവാദ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് ഫയല്‍ കൈമാറി. ഒറ്റവരി പ്രസ്താവനയാണ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. 2014 ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ യശ്വന്ത് വര്‍മ്മ, 2021 ഒക്ടോബര്‍ 11നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ചുമതലയേറ്റത്.
അതേസമയം യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. വിധികള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങളുണ്ടാകണം. ജഡ്ജിമാര്‍ സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി അന്വേഷണനടപടികളിലേക്ക് കടന്നു. അന്വേഷണവിഷയങ്ങള്‍ തീരുമാനിക്കാന്‍ കൂടിയാലോചന നടത്തിയെന്നാണ് സൂചന. തെളിവുകള്‍ പരിശോധിക്കണം. ജഡ്ജിയെ വിളിച്ചുവരുത്തി കേള്‍ക്കണം. പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കണം.തങ്ങളുടെ ടീമിന്റെ മുന്നില്‍ വച്ച് പണം കണ്ടെടുത്തിട്ടില്ലെന്ന ഡല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടറുടെ ആദ്യപ്രതികരണത്തിലും വിശദീകരണം തേടും.
https://www.facebook.com/Malayalivartha