ഫെയ്‌സ്ബുക്ക് ചിത്രം കോടതി തെളിവായി കണക്കാക്കി ശൈശവ വിവാഹം റദ്ദാക്കി

ഫെയ്‌സ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പത്തൊമ്പത് വയസുകാരിയുടെ പരാതിയില്‍ വിവാഹം കോടതി റദ്ദ് ചെയ്തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് കോടതി തെളിവായി പരിഗണിച്ചത്. ഇവരുടേത് ശൈശവ വിവാഹമായിരുന്നു.
വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ കോടതിയെ സമീപിച്ചത് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള സുശീല വിഷ്‌നോനിയാണ് . ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ മുഖേനെയാണ് അപേക്ഷയുമായി പെണ്‍കുട്ടി കോടതിയിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
എന്നാല്‍ ബാലാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കി. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളും സുശീല കോടതിയില്‍ സമര്‍പ്പിച്ചു. 2010-ലായിരുന്നു സുശീലയുടേയും ഭര്‍ത്താവിന്റേയും വിവാഹം നടന്നത്. ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. നിയമപരമായ പ്രശ്‌ന സാധ്യതയെ തുടര്‍ന്ന് രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സുശീലയ്ക്കും ഭര്‍ത്താവിനും 12 വയസ്സ് മാത്രം ഉള്ളപ്പോഴാണ് വിവാഹം നടന്നത്.
തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും പഠിക്കാനായിരുന്നു ആഗ്രഹമെന്നും സുശീല കോടതിയെ അറിയിച്ചു. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിന് തുല്യമായിരുന്നെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സത്യമാണെന്നും പെണ്‍കുട്ടിയുടെ അപേക്ഷയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവാഹം റദ്ദ് ചെയ്യുന്നതായി കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha


























