വന്ദേഭാരത് മൂന്നാം ഘട്ടം 300 സര്‍വീസുകളുമായി എയര്‍ ഇന്ത്യ; രക്ഷപെടാനാകാതെ അർഹതയുള്ള പ്രവാസികൾ ; കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങിയ ബുക്കിംഗ് പ്രകാരം മൂന്ന് മണിക്കൂറില്‍ 22000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇന്നു മുതല്‍ ജൂണ്‍ 23 വരെയാണ് കേരളത്തിലേക്ക് വന്ദേഭാരതിന്റെ മൂന്നാം ഘട്ട വിമാന സര്‍വീസുകള്‍ നടത്തുന്നത്.
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അമേരിക്കയിൽനിന്ന് 54, കാനഡയിൽനിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 വിമാനങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മേയ് ഏഴിനാരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സർവീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിൽ 17,485 പേർ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേർ വിദ്യാർഥികളും 8633 പേർ പ്രൊഫഷണലുകളുമാണ്. കരമാർഗം 32,000 ഇന്ത്യക്കാർ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 300 വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ മൂന്നാം ഘട്ടത്തില്‍ നടത്തുന്നത്. കൊച്ചിയിലേക്ക് മാത്രം 17 വിമാനങ്ങള്‍ മൂന്നാം ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ജിബൂട്ടി, വിയറ്റ്‌നാം, യുക്രൈന്‍, മാള്‍ട്ട, ബ്രിട്ടന്‍, ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തും.
മുബൈ, ചെന്നൈ, ഡല്‍ഹി എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തുന്നത്. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 113 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നാം ഘട്ടം പൂര്‍ത്തായാകുമ്പോഴും നാട്ടിലെത്താനാവാതെ നിരവധി പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയേണ്ടി വരും. വന്ദേഭാരതിന്‍റെ മൂന്ന് ഘട്ടം ഈ മാസത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകുന്നത് രജിസ്റ്റര്‍ ചെയ്തതില്‍ 41 ശതമാനം പ്രവാസികളെ മാത്രമാണ്.
കൊവിഡ് ഭീഷണി നേരിടുന്ന വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ദൗത്യം കഴിഞ്ഞ 7നാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. ഇതിനോടകം പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലായി 1,07,123 തിരികെയത്തിച്ചതായാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. മൂന്നാംഘട്ടത്തില്‍ 38000 പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ 1,45,123 പേര്‍ക്കാണ് മൂന്ന് ഘട്ടങ്ങളായുള്ള ദൗത്യത്തിന്‍റെ പ്രയോജനം കിട്ടിയത്. 3,48, 565 പേരാണ് വന്ദേഭാരതില്‍ രജിസ്റ്റര്‍ ചെയ്തത്.
ചാര്‍ട്ടേഡ് വിമാനങ്ങളുടെ വലിയ നിരക്കും, കൂടുതല്‍ സ്വകാര്യവിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കാത്തതും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പലരുടെയും മടക്കത്തിന് തടസ്സമാകുകയാണ്.
അതേസമയം പദ്ധതിയുടെ നാലാം ഘട്ടത്തെ കുറിച്ചാവട്ടെ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്ത് നാളുകള്‍ കാത്തിരുന്നിട്ടും ഇനിയും നിരവധി പേര്‍ക്ക് നാടെത്താന്‍ കഴിഞ്ഞിട്ടില്ല. എംബസിയില്‍ നിന്നുള്ള വിളി ഇന്നു വരും നാളവരും എന്ന പ്രതീക്ഷയില്‍ കഴിയുന്നവര്‍. അടിയന്തരാവശ്യം അറിയിച്ചിട്ടു പോലും പ്രതികരണമില്ലെന്നാണ് പ്രസാകളുടെ പരാതി.
https://www.facebook.com/Malayalivartha